പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; ഗുണ്ട തീക്കാറ്റ് സാജൻ പിടിയില്‍
Mail This Article
തൃശൂർ ∙ പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഗുണ്ടാനേതാവ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ തെലങ്കാനയിൽ പിടിയില്‍. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. 6 മാസം മുൻപാണ് ഇയാൾ ഒളിവിൽ പോയത്. ആവേശം സിനിമയിലെ രംഗണ്ണൻ മോഡലിൽ തെക്കേ ഗോപുരനടയിൽ പിറന്നാൾ ആഘോഷിക്കാനുള്ള സാജന്റെയും അനുയായികളുടെയും നീക്കം പൊലീസ് പൊളിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെയുള്ള പിറന്നാൾ ക്ഷണം സ്വീകരിച്ച് 32 പേരാണ് അന്ന് തമ്പടിച്ചത്. ഇവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരും. ഇവരെ വിട്ടയച്ച ശേഷം മറ്റുള്ളവരെ കരുതൽ തടങ്കലിൽ ആക്കിയ നടപടിയാണ് സാജനെ പ്രകോപിപ്പിച്ചത്. ഇവരെ വിട്ടുകിട്ടിയില്ലെങ്കിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്നു ഭീഷണിപ്പെടുത്തി വെസ്റ്റ് സ്റ്റേഷനിലേക്കും കമ്മിഷണർ ഓഫിസിലേക്കുമായിരുന്നു ഇയാളുടെ ഫോൺ വഴിയുള്ള ഭീഷണി. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ച് ഗുണ്ടകൾക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതോടെ സാജൻ മുങ്ങി. 2 കൊലപാതക ശ്രമം ഉൾപ്പെടെ 14 കേസുകളിൽ പ്രതിയാണ് സാജൻ.