ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് ബഹുനില പാർക്കിങ് സമുച്ചയത്തിനു മുകളിൽ ഹെലിപാഡ് നിർമിക്കും
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നിന്നു 300 മീറ്റർ മാത്രം ദൂരെ നഗരസഭയുടെ ബഹുനില പാർക്കിങ് സമുച്ചയത്തിനു മുകളിൽ ഹെലിപാഡ് നിർമിക്കാൻ പദ്ധതി വരുന്നു. 5 നിലകളുള്ള പാർക്കിങ് സമുച്ചയ കെട്ടിടമാണിത്. 7 നിലകളും അതിനു മുകളിൽ ഹെലിപാഡും നിർമിക്കാവുന്ന വിധം ബലവത്തായ അടിത്തറയുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു. ഹെലിപാഡ് നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്താനുള്ള കോർ കമ്മിറ്റി ശുപാർശ കൗൺസിൽ അംഗീകരിച്ചു.
വിശദ പദ്ധതിരേഖ അടക്കമുള്ള നടപടികൾ ആരംഭിക്കും. പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾ 6 കിലോമീറ്റർ ദൂരത്തുള്ള അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗമാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്. ഇത്രദൂരം ഗതാഗതം തടസ്സപ്പെടുന്നതും സുരക്ഷ ഒരുക്കുന്നതും പുതിയ ഹെലിപാഡ് വന്നാൽ ഒഴിവാക്കാം. സ്വകാര്യ വ്യക്തികളും ഹെലികോപ്റ്ററിൽ ഗുരുവായൂർ ദർശനത്തിന് എത്താറുണ്ട്.