കള്ളു കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; ഷാപ്പ് അടച്ചു
Mail This Article
പുന്നയൂർക്കുളം ∙ കള്ള് കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 2 പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (39), തറയിൽ ഷാനവാസ് (36) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതേ തുടർന്ന് എക്‌സൈസ് അധികൃതർ എത്തി നാക്കോല കള്ള് ഷാപ്പ് അടപ്പിച്ചു.ഇന്നലെ രാവിലെ രാവിലെ 10 മണിയോടെയാണ് ഇരുവരും ഷാപ്പിൽ നിന്നു കള്ള് കുടിച്ചത്. ഛർദിയെ തുടർന്ന് ഇവർ വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
ഷാനവാസിനു ക്ഷീണം ഉണ്ടെന്ന് പറഞ്ഞതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് എക്‌സൈസ് സംഘം ഷാപ്പിൽ എത്തി സാംപിൾ ശേഖരിച്ചു. നാൽപതോളം പേർ കള്ള് കുടിച്ചിരുന്നെങ്കിലും അവർക്കൊന്നും പ്രശ്‌നമില്ലാത്തതിനാൽ കള്ളിൽ വിഷാംശം ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇൻസ്‌പെക്ടർ ടി.ജെ.റിന്റോ പറഞ്ഞു.
സാംപിൾ പരിശോധന ഫലം വന്നതിനു ശേഷമേ ഷാപ്പ് തുറക്കൂ. 30ന് ഷാപ്പ് അവധിയായിരുന്നു.31ന് ഇറക്കിയ മുഴുവൻ കള്ളും വിറ്റെന്നും ഇന്നലെ കണക്ക് കൊടുത്തതിനാൽ പഴയ കള്ളിനു സാധ്യതയില്ല. അതേ സമയം മനീഷിനു ഷാപ്പ് ജിവനക്കാരോട് വിരോധം ഉള്ളതായും പറയപ്പെടുന്നു.