മാറ്റിയ കോച്ച് ചതിച്ചു, ഗുരുതര തിരക്ക്; നിന്ന് യാത്ര ചെയ്യാവുന്ന ട്രെയിന് ഇരുന്ന് മാത്രം യാത്ര ചെയ്യാവുന്ന കോച്ച്

Mail This Article
ഗുരുവായൂർ ∙ യാത്രക്കാർക്കു ദുരിതം സമ്മാനിച്ച് രാവിലത്തെ ഗുരുവായൂർ – എറണാകുളം പാസഞ്ചർ ട്രെയിൻ. അപ്രതീക്ഷിതമായി കോച്ചുകൾ മാറ്റിയതാണ് യാത്രാദുരിതത്തിനു കാരണം. സാധാരണ കോച്ചുകൾ മാറ്റി ജനശതാബ്ദിയുടെ കോച്ചുകളായതോടെ തിക്കിലുംതിരക്കിലുംപെട്ട് ബുദ്ധിമുട്ടിയാണ് ആളുകൾ യാത്ര ചെയ്യുന്നത്. കോച്ചുകൾക്കകത്തു സ്ഥലം കുറവായതുകൊണ്ട് നിന്നുള്ള യാത്ര സുഖകരമല്ല. ഇരുന്നുള്ള യാത്ര മാത്രം അനുവദിച്ചിരുന്ന ട്രെയിനിന്റെ കോച്ച് ആണ് കൂടുതൽ പേർ നിന്നു യാത്ര ചെയ്യുന്ന ട്രെയിനിന് ലഭിച്ചിരിക്കുന്നത്.എല്ലാ സ്റ്റേഷനിലും സ്റ്റോപ് ഉള്ളതുകൊണ്ട് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഈ ട്രെയിനിനെ ആശ്രയിക്കുന്നു. നിലവിൽ ട്രെയിനിലുള്ള തിരക്കു കാരണം പല സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറാതെയായി. കോച്ചുകളുടെ എണ്ണവും കുറവാണ്. തിങ്കളാഴ്ച ദിവസങ്ങളിൽ പൊതുവേ തിരക്കു കൂടുതലാണ്.