ഗുരുവായൂർ – തൃശൂർ പാസഞ്ചർ തിരിച്ചെത്തും

Mail This Article
തൃശൂർ ∙ കോവിഡ് കാലത്ത് നിർത്തലാക്കിയ ഗുരുവായൂരിൽ നിന്ന് വൈകിട്ട് 5.10ന് തൃശൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നിർദേശം നൽകി. ഇന്നലെ തൃശൂർ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന് ‘ദൃശ്യ ഗുരുവായൂർ’ ഭാരവാഹികൾ നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് ട്രെയിൻ എന്തുകൊണ്ടാണ് ഇതുവരെ പുനഃരാരംഭിക്കാത്തത് എന്ന് തിരക്കിയതും പുനരാരംഭിക്കുന്ന കാര്യത്തിൽ പരിശോധിച്ച് അനുകൂലമായ നിലപാടെടുക്കാൻ നിർദേശിച്ചതും.കോവിഡ് കാലത്ത് നിർത്തലാക്കിയ ഈ ട്രെയിൻ മറ്റു ട്രെയിനുകളെല്ലാം പുനരാരംഭിച്ചിട്ടും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വൈകിട്ട് 5.10ന് തൃശൂരിലേക്ക് ഏറെ യാത്രക്കാരുമായി വരുന്ന ട്രെയിൻ 6.55ന് ഇവിടെ നിന്ന് തിരിച്ച് ഗുരുവായൂരിലേക്കും നിറഞ്ഞാണു പോയിരുന്നത്. ഉച്ചയ്ക്ക് 1.30ന് എറണാകുളത്തേക്കുള്ള പാസഞ്ചർ കഴിഞ്ഞാൽ രാത്രി 11.20 വരെ ഗുരുവായൂരിൽ നിന്ന് പുറത്തേക്ക് ട്രെയിൻ ഇല്ലാത്ത സ്ഥിതിയാണ്. വൈകിട്ടുള്ള ട്രെയിൻ പുനരാരംഭിക്കുന്നത് ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് ‘ദൃശ്യ ഗുരുവായൂർ’ ഭാരവാഹികളായ കെ.കെ.ഗോവിന്ദ് ദാസ്, പി.ശശികുമാർ, വി.ഭരതരാജൻ എന്നിവർ ജനറൽ മാനേജരെ ധരിപ്പിച്ചു.തൃശൂർ സ്റ്റേഷനിൽ നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ മാനേജർ ജീവനക്കാരോടു സംസാരിച്ചു.