ഇനിയും അലയുക വയ്യ, കരുണ കാണിക്കണം; മാനസിക, ശാരീരിക പരിമിതിയുള്ള അശ്വിന്റെ അമ്മയുടെ കേണപേക്ഷ
Mail This Article
ഗുരുവായൂർ ∙ അശ്വിൻ 22 വയസ്സായ യുവാവാണ്. അവൻ കിടന്ന കിടപ്പാണ്. വീൽചെയറിൽ അമ്മ താങ്ങിയെടുത്ത് ഇരുത്തണം. കുളിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം അമ്മ വേണം. സംസാരിക്കില്ല. അച്ഛൻ ശശിയെ കണ്ടാൽ ഉറക്കെ ചിരിക്കും. വലിയ ശബ്ദം കേട്ടാൽ വാവിട്ടു കരയും. 6 മാസം പ്രായമുള്ളപ്പോൾ മസ്തിഷ്കജ്വരം വന്നതോടെ ശാരീരികവും മാനസികവുമായ പരിമിതിയുള്ള കുട്ടിയായി അശ്വിൻ മാറി.
കൂലിപ്പണിക്കാരനായ പാലുവായ് അറയ്ക്കൽ ശശിയുടെയും ആശയുടെയും മകനാണ് അശ്വിൻ. മകൾ ശിവന്യ പത്താം ക്ലാസിലാണ്. ഇവർക്ക് സ്വന്തമായി വീടില്ല. ഒരാൾ സൗജന്യമായി അനുവദിച്ച വീട്ടിൽ 4 വർഷമായി താമസിക്കുന്നു. ഒരു വീട് എന്ന സ്വപ്നം നടപ്പാക്കാൻ പാലുവായ് എട്ടാം വാർഡിൽ 5 സെന്റ് സ്ഥലം വാങ്ങി. തൊട്ടടുത്ത് 4 വീടുകളും ഒരു അങ്കണവാടിയുമുള്ള സ്ഥലം വീടു വയ്ക്കാൻ ലൈഫ് പദ്ധതി അംഗീകാരമായി. എന്നാൽ വാങ്ങിയ സ്ഥലം ഡേറ്റ ബാങ്കിൽ പാടം ആയതിനാൽ വീടു നിർമാണത്തിന് അനുമതി ലഭിച്ചില്ല.
പട്ടികജാതി വിഭാഗത്തിൽപെട്ട തന്റെ സ്ഥിതിയും അശ്വിന്റെ അവസ്ഥയും വിശദീകരിച്ച് ആശ കലക്ടറേറ്റിൽ പലവട്ടം പരാതി കൊടുത്തു. അദാലത്തുകളിൽ പങ്കെടുത്തു. കലക്ടറെ കണ്ടു. എന്നാൽ അനുമതി നൽകേണ്ട ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞു. ഒടുവിൽ ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞ് അവർ ഫയൽ മടക്കി. സ്വന്തം സ്ഥലത്ത് ഒരു ഓല വീടെങ്കിലും ഉണ്ടാക്കണം, കയ്യിൽ പണമില്ല. സഹായിക്കാൻ ഉദ്യോഗസ്ഥരില്ല. എന്തു ചെയ്യണം എന്നറിയാത്ത വലയുകയാണ്, ഈ കുടുംബം. ഫോൺ: 9747313550.