പീഡനം, തട്ടിപ്പ്: മന്ത്രവാദിയും സഹായിയും അറസ്റ്റിൽ

Mail This Article
ചാവക്കാട്∙ ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണ് ഷക്കീർ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഭർത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു.
ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എസ്ഐമാരായ ടി.സി.അനുരാജ്, വിഷ്ണു എസ്.നായർ, സീനിയർ സിപിഒ അനീഷ് വി.നാഥ്, സിപിഒമാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായി. ഇരുവരെയും റിമാൻഡ് ചെയ്തു.