മാന്യമായി ജീവിക്കാവുന്ന സാഹചര്യം; റിജോയെ കവർച്ചക്കാരനാക്കിയത് ധൂർത്തും വരവറിയാത്ത ചെലവും

Mail This Article
ചാലക്കുടി ∙ മാന്യമായി ജീവിക്കാവുന്ന സാഹചര്യമുണ്ടായിട്ടും റിജോയെ കവർച്ചക്കാരനാക്കിയത് ധൂർത്തും വരവറിയാത്ത ചെലവും. പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ പ്രതി ജയിലിലുമായി. പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നു വെള്ളിയാഴ്ച 2.15ന് 15 ലക്ഷം കവർന്ന പ്രതി ചാലക്കുടി ഭാഗത്തേക്കു പോയെങ്കിലും പിന്നീട് എതിർദിശയിൽ നീങ്ങി കൊടകര ഭാഗത്തേക്കു തിരിച്ചു. നിരീക്ഷണ ക്യാമറകളുണ്ടാകാൻ സാധ്യതയുള്ള വഴികൾ ഒഴിവാക്കിയായിരുന്നു യാത്രയെങ്കിലും ചില ക്യാമറകളിൽ സ്കൂട്ടറിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

നാടുകുന്നിൽ സ്കൂട്ടറിലെത്തിയയാൾ വസ്ത്രം മാറുന്നതിന്റെ വിദൂരദൃശ്യം പതിഞ്ഞു. പിന്നീട് ഇയാളുടെ വാഹനം നിരീക്ഷണ ക്യാമറയുടെ തൊട്ടടുത്ത് എത്തിയതിന്റെ ദൃശ്യം ലഭിച്ചെങ്കിലും സ്കൂട്ടറിനു കണ്ണാടി ഉണ്ടായിരുന്നില്ല എന്നത് അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. പൊലീസിനെ തെറ്റിധരിപ്പിക്കാനായി നേരത്തെ ഊരിമാറ്റി വച്ചിരുന്ന കണ്ണാടി ഇയാൾ പോട്ടയിലെത്തും മുൻപു സ്കൂട്ടറിൽ ഘടിപ്പിച്ചിരുന്നു. 500 നിരീക്ഷണ ക്യാമറകളാണ് പ്രതിയെ തിരഞ്ഞ പൊലീസ് സംഘം പരിശോധിച്ചത്. നാടുകുന്നിനു ശേഷം മറ്റൊരിടത്തും സ്കൂട്ടർ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞില്ല.

ഇതോടെയാണ് ഉൾപ്രദേശങ്ങളിലേക്കു പോകാനുള്ള സാധ്യത പൊലീസ് വിലയിരുത്തുന്നത്. ഇതോടെ പല സംഘങ്ങളായി ആശാരിപ്പാറ, താണിപ്പാറ, നാടുകുന്ന്, പേരാമ്പ്ര ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. പ്രതി സ്കൂട്ടറിൽ പോകുന്നതിന്റെ ചിത്രം മൊബൈലിൽ കാണിച്ചു നാട്ടുകാരോടു വിവരം തിരക്കി. ഇതിനിടെ ഒരു സ്ത്രീ ഇതു റിജോയല്ലേ എന്ന സംശയം പ്രകടിപ്പിച്ചു. അതിരപ്പിള്ളി ഇൻസ്പെക്ടർ വി.ബിജു, സിവിൽ പൊലീസ് ഓഫിസർ മഹേഷ് എന്നിവർക്കാണ് ഈ വിവരം ലഭിച്ചത്. ഉടൻ അന്വേഷണ സംഘത്തിലെ മറ്റുള്ളവർക്ക് വിവരം കൈമാറി.
ഇതോടെ ഡിവൈഎസ്പി കെ.സുമേഷ് അടക്കമുള്ളവർ എത്തി. തുടർന്ന് വീട്ടിലെത്തി നിരീക്ഷിച്ചതോടെ സ്കൂട്ടർ കണ്ടെടുത്തു. നമ്പർ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും പൊലീസിനു മുൻപിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. ആർഭാട ജിവിതത്തിനായി വൻതുക ചെലവിട്ടതോടെയുള്ള സാമ്പത്തിക ഞെരുക്കമാണു കൊള്ളയ്ക്കു പ്രേരണയായത്. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റിജോ പൊലീസിനോടു പറഞ്ഞു.
വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ അവ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്. 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നതെന്നാണ് പ്രതി അറിയിച്ചത്. മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.
2011 മുതൽ 2020 വരെ കുവൈത്തിൽ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി. ഇയാളെ കുറിച്ചു നാട്ടുകാർക്കു മതിപ്പാണ്. തമാശ പറഞ്ഞും പൊതുകാര്യങ്ങളിൽ ഇടപെട്ടും നാട്ടിൽ സജീവമായിരുന്നു. ബാങ്ക് കവർച്ചയ്ക്കു 2 ദിവസം മുൻപ് ചാലക്കുടി ടൗണിൽ പ്രവാസി അമ്പ് ആഘോഷത്തിൽ പങ്കെടുത്തു ബാൻഡ് വാദ്യത്തിനൊപ്പം നൃത്തം ചെയ്തു. കൃത്യം നടത്തിയ ശേഷം പിടിയിലായ ദിവസം സ്വന്തം വീട്ടിൽ നടന്ന പള്ളി കുടുംബയൂണിറ്റ് യോഗത്തിൽ പങ്കെടുത്തപ്പോഴും ബാങ്ക് കവർച്ചയെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
പള്ളി വികാരി അടക്കമുള്ളവരോട് പ്രതി രക്ഷപ്പെട്ട് ജില്ലയോ സംസ്ഥാനമോ കടന്നിട്ടുണ്ടാകാമെന്ന് പറഞ്ഞു ചിരിച്ചു. ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു പെരുമാറ്റം. ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ച ആസൂത്രണം ആരംഭിച്ചത്. ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പലവട്ടം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി. മടങ്ങാനുള്ള റൂട്ട് മാപ്പ് തയാറാക്കി അതുവഴി വീണ്ടും വീണ്ടും യാത്ര ചെയ്തായിരുന്നു ആസൂത്രണം. ബാങ്കിൽ കവർച്ചയ്ക്കെത്തിയപ്പോൾ ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിൽ ശ്രമം ഉപേക്ഷിച്ചേനെയെന്നും പ്രതി പൊലീസിനോടു പറഞ്ഞു.