ഇട്ടൂലിക്ക് ആശ്വസിക്കാം; ആധാർ കാർഡ് കയ്യിലെത്തി

Mail This Article
ചേർപ്പ് ∙ ആധാർ കാർഡ് ലഭിക്കാത്തതു മൂലം സർക്കാരിന്റെ പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങിയ അമ്മാടം പാർപ്പക്കടവ് ചീക്കോടൻ വീട്ടിൽ ഇട്ടൂലിക്ക്(82) എൻറോൾ ചെയ്തു മൂന്നാം ദിവസം ആധാർ കാർഡ് ലഭിച്ചു. യുഐഡി അതോറിറ്റിയുടെ നിർദേശപ്രകാരം അക്ഷയ അധികൃതർ നേരിട്ടെത്തിയാണ് ഇട്ടൂലിക്ക് ആധാർ നൽകിയത്. ആധാർ എൻറോൾമെന്റിന് നൽകേണ്ട അനുബന്ധ രേഖകൾ കൃത്യമല്ലാതിരുന്നതു കൊണ്ടാണ് കിടപ്പുരോഗിയായ ഇട്ടൂലിക്ക് ആധാർ കാർഡ് ലഭിക്കാതിരുന്നതും പെൻഷൻ, റേഷൻ ആനുകൂല്യങ്ങൾ മുടങ്ങിയതും. ഇവരുടെ ദുഃഖം ‘അർഹതയുണ്ട് ഈ അമ്മയ്ക്ക്; പക്ഷേ, ആനുകൂല്യങ്ങൾ ഇല്ല’ എന്ന തലക്കെട്ടിൽ മനോരമ വാർത്ത നൽകിയിരുന്നു.
ഇതോടെയാണ് ഇട്ടൂലിയുടെ വർഷങ്ങൾ നീണ്ട ദുരിതത്തിന് അവസാനമായതും ആനുകൂല്യങ്ങൾ ലഭിച്ചതും. യുഐഡി അഡ്മിൻ എസ്.സനൽ, അക്ഷയ കോഓർഡിനേറ്റർ യു.എസ്.ശ്രീശോഭ്, പാലയ്ക്കൽ അക്ഷയകേന്ദ്രം ആധാർ ഓപ്പറേറ്റർ രതി സുനിൽ, സംരംഭകൻ സുനിൽ സൂര്യ എന്നിവർ പാർപ്പക്കടവിലെ വീട്ടിലെത്തി യുഐഡി അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് കിടപ്പുരാേഗിയും കാഴ്ച വെല്ലുവിളി നേരിടുന്നയാളുമായ ഇട്ടൂലിയുടെ ആധാർ എൻറോൾമെന്റ് നടത്തിയത്. ജനറേറ്റ് ചെയ്ത ആധാർ കാർഡിന്റെ പകർപ്പ് പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ ഇട്ടൂലിക്ക് കൈമാറി.