വസ്ത്രം കത്തിച്ചു, ഹെൽമറ്റ് മറച്ചതു കോണിപ്പടിക്കു ചുവട്ടിലെ പെട്ടിക്കുള്ളിൽ, പണം കടത്തിയ ബാഗ് കിടപ്പുമുറിയിൽ

Mail This Article
ചാലക്കുടി ∙ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നു കവർന്ന 15 ലക്ഷം രൂപയിൽ 12 ലക്ഷം രൂപ പ്രതി റിജോ ആന്റണി സൂക്ഷിച്ചുവച്ചതു കിടപ്പുമുറിയിലെ അലമാരയിൽ തുണിയിൽ പൊതിഞ്ഞനിലയിൽ. ഇതടക്കം 14,90,000 രൂപയും പൊലീസ് കണ്ടെടുത്തു. 10,000 രൂപയേ പ്രതി ചെലവഴിച്ചുള്ളൂ. 2.90 ലക്ഷം രൂപ കടംവീട്ടാനായി പ്രതി വിനിയോഗിച്ചതും തിരിച്ചുപിടിച്ചു. ബാങ്ക് ജീവനക്കാരെ ബന്ദിയാക്കാൻ ഉപയോഗിച്ച കറിക്കത്തി ഒളിപ്പിച്ചത് അടുക്കളയിലെ കിച്ചൻ സ്ലാബിന്റെ അറയിൽ.
കവർച്ചാസമയത്തു ധരിച്ച ഹെൽമറ്റ് മറച്ചുവച്ചതു വീട്ടിലെ കോണിപ്പടിക്കു ചുവട്ടിലെ പെട്ടിക്കുള്ളിൽ. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളിൽ. നിർണായക തെളിവായി മാറിയ ഷൂസും സ്കൂട്ടറും പോർച്ചിൽ നിന്നു കൂടി കണ്ടെത്തിയതോടെ പൊലീസിനെ വിറപ്പിച്ച ബാങ്ക് കവർച്ചാക്കേസിലെ ദുരൂഹതകളുടെയെല്ലാം ചുരുളഴിഞ്ഞു. ബാങ്ക് കവർച്ചയ്ക്കു ശേഷം 36 മണിക്കൂർ പൊലീസിനെ വെട്ടിച്ചു നടന്ന പോട്ട ആശാരിപ്പാറ തെക്കൻ റിജോ ആന്റണിയെ (49) വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കി പൊലീസ് റിമാൻഡ് ചെയ്തു.
ബാങ്കിൽ നിന്ന് റിജോ മോഷ്ടിച്ച തുകയിൽ 14,90,000 രൂപ കണ്ടെടുക്കാനായത് പൊലീസിന് നേട്ടമായി. 10,000 രൂപയാണ് പ്രതി ചെലവഴിച്ചത്. അന്നനാട് സ്വദേശിയിൽ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും തിരികെ നൽകാൻ മോഷണമുതൽ ഉപയോഗിച്ചു. റിജോ പിടിയിലായ വാർത്ത കണ്ട് അന്നനാട് പാമ്പുത്തറ സ്വദേശിയും റിജോയുടെ സഹപാഠിയുമായ കാരപ്പിള്ളി ബിനേഷ് (സോമു) ഞായറാഴ്ച രാത്രി തന്നെ ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ഈ തുക എത്തിച്ചിരുന്നു. കേസിലുൾപ്പെട്ട പണമായതിനാൽ പൊലീസ് അപ്പോൾ ഏറ്റുവാങ്ങിയില്ല.ഇന്നലെ പ്രതിയുമായി ബിനേഷിന്റെ വീട്ടിലെത്തിയാണ് പണം വാങ്ങിയത്. മേലൂരിലെ തറവാട്ടിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്. 500 രൂപയുടെ 3 കെട്ടുകൾ വീതമുള്ള 15 ലക്ഷം രൂപയിൽ 2 കെട്ടുകൾ പൊട്ടിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഷൂവിന്റെ ദൃശ്യമാണ് അന്വേഷണത്തിൽ നിർണായകമായത് .കവർച്ചാസമയത്തു ധരിച്ച ഷർട്ടുകളും ബനിയനും വീട്ടിൽനിന്നു ലഭിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങളിലൊന്നു കത്തിച്ചു കളഞ്ഞതായി പ്രതി അറിയിച്ചു.
വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ അവ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്. 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നതെന്നാണ് പ്രതി അറിയിച്ചത്. മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു.മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.2011 മുതൽ 2020 വരെ കുവൈത്തിൽ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി. ഇയാളെ കുറിച്ചു നാട്ടുകാർക്കു മതിപ്പാണ്. തമാശ പറഞ്ഞും പൊതുകാര്യങ്ങളിൽ ഇടപെട്ടും നാട്ടിൽ സജീവമായിരുന്നു. ബാങ്ക് കവർച്ചയ്ക്കു 2 ദിവസം മുൻപ് ചാലക്കുടി ടൗണിൽ പ്രവാസി അമ്പ് ആഘോഷത്തിൽ പങ്കെടുത്തു ബാൻഡ് വാദ്യത്തിനൊപ്പം നൃത്തം ചെയ്തു. കൃത്യം നടത്തിയ ശേഷം പിടിയിലായ ദിവസം സ്വന്തം വീട്ടിൽ നടന്ന പള്ളി കുടുംബയൂണിറ്റ് യോഗത്തിൽ പങ്കെടുത്തപ്പോഴും ബാങ്ക് കവർച്ചയെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
പള്ളി വികാരി അടക്കമുള്ളവരോട് പ്രതി രക്ഷപ്പെട്ട് ജില്ലയോ സംസ്ഥാനമോ കടന്നിട്ടുണ്ടാകാമെന്ന് പറഞ്ഞു ചിരിച്ചു. ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു പെരുമാറ്റം. ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ച ആസൂത്രണം ആരംഭിച്ചത്. ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പലവട്ടം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി. മടങ്ങാനുള്ള റൂട്ട് മാപ്പ് തയാറാക്കി അതുവഴി വീണ്ടും വീണ്ടും യാത്ര ചെയ്തായിരുന്നു ആസൂത്രണം. ബാങ്കിൽ കവർച്ചയ്ക്കെത്തിയപ്പോൾ ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിൽ ശ്രമം ഉപേക്ഷിച്ചേനെയെന്നും പ്രതി പൊലീസിനോടു പറഞ്ഞു.