ആയിരങ്ങൾ സാക്ഷി; കോഴിമാംപറമ്പിന് ആവേശമായി പൂരം

Mail This Article
ചെറുതുരുത്തി ∙ ആടി തിമർത്തെത്തിയ പൂതനും, തിറയും, പാക്കനാർ വേലകളും, കോമരങ്ങളും, കാളവേലകളും സന്ധ്യയോടെ ക്ഷേത്രത്തിലെത്തി വണങ്ങിയതിനോടൊപ്പം ആയിരങ്ങളെ സാക്ഷിയാക്കി 19 ആനകളെ അണിനിരത്തി നടന്ന കൂട്ടിയെഴുന്നള്ളിപ്പോടെ കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. പാഞ്ഞാൾ, പുതുശ്ശേരി, നെടുമ്പുര, ചെറുതുരുത്തി, പള്ളിക്കൽ, താഴപ്ര - വെട്ടിക്കാട്ടിരി, ആറ്റൂർ എന്നീ ഏഴു ദേശങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പൂരത്തിനു ജനപങ്കാളിത്തം ഏറെയായിരുന്നു.
രാവിലെ അഞ്ചിന് പ്രഭാതഭേരിയെ തുടർന്ന് വിശേഷ പൂജകളും, കേളിയും നടന്നു. ഉച്ചയ്ക്ക് ഏഴു ദേശക്കാരുടെയും പൂരങ്ങളും മറ്റു വേലകളും അതതു പ്രദേശങ്ങളിൽ നിന്ന് പുറപ്പെട്ടെങ്കിലും പാഞ്ഞാൾ അയ്യപ്പൻ കോഴിമാംപറമ്പിൽ എത്തിയതോടെയാണ് പുരാഘോഷങ്ങൾക്ക് തുടക്കമായത്. എല്ലാ ദേശക്കാരും ക്ഷേത്രത്തിൽ എത്തിയതോടെ 19 ആനകളെ അണിനിരത്തിയാണ് കൂട്ടിയെഴുന്നള്ളിപ്പ് നടന്നത്.
ഇതിനിടെ പാക്കനാർ വേലകളും പൂതനും തിറയും വെള്ളാട്ടും കാവു കയറിയത്. തുടർന്ന് പൈങ്കുളം ഗേറ്റ്, പാഞ്ഞാൾ ആലിൻ ചുവട്, പാഞ്ഞാൾ കാട്ടിൽക്കാവ് ഭാഗങ്ങളിൽ നിന്നുള്ള കാളവേലകളും ക്ഷേത്രത്തിൽ എത്തിയത്.രാത്രിയിൽപൂരം ആവർത്തനത്തെ തുടർന്ന് ഇന്ന് രാവിലെ ശ്രീരാമ പട്ടാഭിഷേകം തോൽപാവ കൂത്ത്.സമാപനത്തെ തുടർന്ന് പാക്കനാർ കോമരം കൽപന നൽകുന്നതോടെ പൂരാഘോഷങ്ങൾക്ക് സമാപനമാകുന്നത്.