വലതുകര കനാൽ: അണ്ടർ ടണൽ ചോർച്ച ; വയോധികരുടെ വീട് വെള്ളത്തിൽ

Mail This Article
കോടശേരി ∙ വലതുകര കനാലിന്റെ അണ്ടർ ടണൽ ചോർന്നൊഴുകി വയോധികരുടെ വീട് തകർച്ച ഭീഷണിയിൽ. മാരാംകോട് പാല ജംക്‌ഷൻ സ്വദേശികളായ കല്ലുമട സദാനന്ദനും കാൻസർ രോഗിയായ ഭാര്യ ശാരദയും കുടുംബവുമാണ് ആറുമാസമായി വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ കഴിയുന്നത്.മുറ്റം മുഴുവൻ വെള്ളം മുങ്ങിയതോടെ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാതെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടുകയാണ്. വർഷങ്ങൾ പഴക്കമുള്ള വീടിന്റെ അടിത്തറ ഇളകുന്ന തരത്തിലാണ് വെള്ളത്തിന്റെ ഒഴുക്ക്.കാർഷിക ആവശ്യങ്ങൾക്ക് വെള്ളം കൊണ്ടു പോകുന്ന കോൺക്രീറ്റ് കനാൽ കവിഞ്ഞൊഴുകിയാണ് വീടും പറമ്പും വെള്ളക്കെട്ടിലായത്.
ചോർച്ച കണ്ടുപിടിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി നാട്ടുകാർ പറയുന്നു. വൈലാത്ത് ഭാഗത്ത് നിന്നും 2 കിലോമീറ്റർ ചുറ്റളവിലുള്ള പറമ്പുകളിലേക്കു കാർഷിക ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന വെളളമാണ് എങ്ങുമെത്താതെ പാഴാകുന്നത്. പഞ്ചായത്തും, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി അധികൃതരും സ്ഥലം സന്ദർശിച്ചു. വലിയ കനാൽ തുറക്കുമ്പോൾ ഉണ്ടാകുന്ന ഒഴുക്കിൽ വീട്ടുമുറ്റത്ത് കിടക്കുന്ന ചെരിപ്പുകളും മറ്റു സാധന സാമഗ്രികളും നഷ്ടപ്പെടുന്നതായി പറയുന്നു. ചോർച്ച കാരണം പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളമെത്താതെ വിളകളെ ഉണക്ക് ബാധിച്ചു.