ഇക്കുറി അരങ്ങ് വിട്ട് ഗോപിയാശാൻ; കണ്ണന് മുന്നിൽ നിറഞ്ഞാടിയത് 53 വർഷം

Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഉത്സവത്തിന് പുറത്ത് കലാപരിപാടികൾ ആരംഭിച്ചത് 1972ലാണ്. അന്നു മുതൽ കഥകളിയുണ്ട്. വേഷക്കാരനായി കലാമണ്ഡലം ഗോപിയുമുണ്ട്. കണ്ണനു മുന്നിൽ 53 വർഷം ആ കലാസപര്യ തുടർന്നു. കഴിഞ്ഞ വർഷം 87–ാം വയസ്സിൽ നളചരിതത്തിലെ ബാഹുകനായി വേഷമിട്ടു. അരങ്ങിൽ പ്രവേശിക്കുന്നതിനു മുൻപ് വേഷത്തോടെ തുലാഭാരം നടത്തി. ഇത്ര കാലം കിരീടം വച്ചു ശോഭിക്കാൻ കഴിഞ്ഞതിന്റെ നന്ദി സൂചകമായി കണ്ണനു കദളിപ്പഴം സമർപ്പിച്ച്, തുലാഭാരം. പിന്നെ ‘മറിമാൻ കണ്ണി...’ എന്ന പദം അഭിനയിച്ചു ഫലിപ്പിച്ചു.
ഇക്കൊല്ലവും ദേവസ്വം കലാമണ്ഡലം ഗോപിയെ ക്ഷണിച്ചു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹം സ്വയം ഒഴിവായി. പകരം സദനം കൃഷ്ണൻകുട്ടി ഇന്ന് അരങ്ങിലെത്തും. 1972ൽ ഏഴാം വിളക്കിനായിരുന്നു കഥകളി. 1973 മുതൽ കൊടിയേറ്റ ദിവസം ആദ്യത്തെ കലാപരിപാടി കഥകളിയായി. തുടക്കം മുതൽ കഴിഞ്ഞ വർഷം വരെ ഗോപിയാശാൻ പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു.