എന്തിനീ ദ്രോഹം? ചുള്ളിക്കാവ് ചിറയുടെ ഷട്ടർ കൂടുതൽ ഉയർത്തി; കൃഷി വെള്ളത്തിൽ

Mail This Article
മാന്ദാമംഗലം ∙ ചുള്ളിക്കാവ് ചിറയുടെ ഷട്ടർ കൂടുതൽ ഉയർത്തിയതു മൂലം ഒട്ടേറെകർഷകരുടെ കൃഷി വെള്ളത്തിലായി. വാഴ, ജാതി, കമുക് കൃഷികളാണ് നശിച്ചത്. നാഗരത്ത് ജോണി, ആശേരിക്കുടി ബിജു, പഴമ്പിള്ളി മുരളി, ആശേരിക്കുടി ജോണി, പഴമ്പിള്ളി മോഹനൻ എന്നിവരുടെ 1000 വാഴകളാണ് നശിച്ചത്. 100 ജാതിമരങ്ങളും 100 കമുകുകളും നശിച്ചു. ചുള്ളിക്കാവ് ചിറ 6 അടി ഉയരത്തിൽ ഉയർത്തിയതാണു കൃഷി നശിക്കാൻ കാരണമെന്നാണ് കർഷകരുടെ ആരോപണം. പുത്തൂർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും കർഷകർ പറയുന്നു.
കഴിഞ്ഞ 3 വർഷമായി ശുദ്ധജലത്തിന്റെ പേരിൽ പഞ്ചായത്ത് ഇതേ നയം തുടരുകയാണ്. ഷട്ടർ 3 അടി തുറക്കുകയാണെങ്കിൽ പോലും ജലക്ഷാമം തീരും. മാത്രമല്ല കൃഷിയെ ബാധിക്കുകയുമില്ല. എന്നാൽ കർഷകരെ നിരന്തരം ദ്രോഹിക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നാണു കർഷകരുടെ ആരോപണം. ഇതേ തുടർന്ന് ഒട്ടേറെ കർഷകർ ഈ മേഖലയിൽ കൃഷി ഉപേക്ഷിച്ചു. ഇനിയും നടപടി ഉണ്ടായാൽ നിലവിലുള്ള കർഷകരും കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു.

കണ്ണമത്ത് കടവും ഉയർത്തി
കോനിക്കര ∙ പുലക്കാട്ടുകരയിലെ കണ്ണമത്ത് കടവ് കൂടുതൽ ഉയർത്തിയത് മൂലം ഒട്ടേറെ പച്ചക്കറി കൃഷികൾ നശിച്ചു. കോനിക്കര, തലവണിക്കര മേഖലകളിലെ 12 കർഷകരുടെ ഇടവിളക്കൃഷിയാണ് നശിച്ചത്. വെണ്ട, വഴുതന, പയർ കൃഷികളാണ് നശിച്ചത്. കണ്ണമത്ത് കടവ് 3 അടി തുറക്കുന്നതാണു വെള്ളം കയറാൻ കാരണമെന്നാണ് കർഷകരുടെ ആരോപണം. മാത്രമല്ല കാരാമ പള്ളിച്ചി തോട് യഥാസമയം മാലിന്യം നീക്കാത്തതും ഇതിനു കാരണമായി.
പുലക്കാട്ടുകര ഹരേ കൃഷ്ണ ഓട്ടു കമ്പനിക്കു പിറകുവശം തോട് മിക്കപ്പോഴും അടഞ്ഞ നിലയിലാണ്. നെന്മണിക്കര പഞ്ചായത്ത് അധികൃതരാണ് നിലവിൽ കണ്ണമത്ത് കടവിലെ ഷട്ടർ നിയന്ത്രിക്കുന്നത്. കാരാമ തോട് വൃത്തിയാക്കേണ്ടതും അവർ തന്നെ. ഷട്ടർ തുറക്കുന്നത് ഒരു അടി ഉയരത്തിൽ ആയാൽ കൃഷിയെ ബാധിക്കുകയില്ല. മാത്രമല്ല ജലക്ഷാമം പരിഹരിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ 5 വർഷമായി ഇതേ അവസ്ഥ തുടരുകയാണ് എന്നാണ് കർഷകർ പറയുന്നത്.