നാട്ടിക ഫിഷറീസ് സ്കൂളിൽ സിന്തറ്റിക് ട്രാക്ക്: ഉദ്ഘാടനം 16ന്

Mail This Article
തൃപ്രയാർ ∙ നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്ക് തയാർ. ഇതോടൊപ്പം സെവൻസ് ഫുട്ബോൾ ടർഫിന്റെ നിർമാണവും പൂർത്തിയായി. 3 കോടി രൂപ ചെലവഴിച്ചാണ് ട്രാക്കും ടർഫും നിർമിച്ചത്. 8 ലൈനുള്ള 200 മീറ്റർ ട്രാക്കാണുള്ളത്. ബർമുഡ ഗ്രാസ് ഉപയോഗിച്ചായിരുന്നു ടർഫ് നിർമാണം. ഇതോടൊപ്പം ഗ്രൗണ്ടിനു ചുറ്റുമതിലും വെള്ളം ഒഴുകാൻ കാനയും പണികഴിപ്പിച്ചു. കായിക താരങ്ങൾക്കു വസ്ത്രം മാറാനുള്ള മുറിയും ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പമ്പ് ഹൗസ്, തുള്ളിനന (സ്പ്രിൻക്ലർ), ലൈറ്റുകൾ എന്നിവയും ഒരുക്കി.
ജില്ലയിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കാണ് സ്കൂൾ ഗ്രൗണ്ടിൽ ഒരുങ്ങിയത്. ആദ്യത്തേത് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയർ ഗ്രൗണ്ടിലാണ്. കേരള സ്പോർട്സ് ഫൗണ്ടേഷനായിരുന്നു നിർമാണച്ചുമതല.ഉദ്ഘാടനം 16ന് രാവിലെ 10ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനാകും. സ്കൂളിലെ പൂർവ വിദ്യാർഥികളായ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ, ദേശീയ മെഡൽ ജേതാക്കളായ പി.ഡി. അഞ്ജലി, പി.എ. അതുല്യ എന്നിവരടക്കമുള്ള കായിക താരങ്ങളെയും പരിശീലകൻ വി.വി. കണ്ണനെയും മേജർ സുബേദാർ ലയേഷ് കാരേപ്പറമ്പിലിനെയും ചടങ്ങിൽ ആദരിക്കും.