അനധികൃത നിലം നികത്തൽ എതിർത്ത് നാട്ടുകാർ രംഗത്ത്

Mail This Article
കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് ഭൂമി തരംമാറ്റത്തിന്റെ മറവിൽ വ്യാപകമായി നിലം നികത്തുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പുല്ലൂറ്റ് കോഴിക്കട പതിനാറാം നഗർ പരിസരത്താണു അനധികൃതമായി നിലം നികത്തുന്നത്. ഏഴ് ഏക്കർ ഭൂമിയിൽ രണ്ടേക്കർ ഭൂമി തരം മാറ്റാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, ഇതിന്റെ മറവിൽ മുഴുവൻ സ്ഥലവും നികത്തുകയാണ്. തോടുകളും ചിറകളും നിറഞ്ഞ പ്രദേശത്തെ വെള്ളം പുഴയിലേക്ക് ഒഴുകി പോകുന്ന മാർഗമാണിത്.
തരംമാറ്റുന്നതിന്റെ പേരിൽ ഭൂമിയുടെ സ്വഭാവത്തിനു മാറ്റം വരുത്തരുത് എന്നിരിക്കെ തോടുകളും തണ്ണീർത്തടങ്ങളും നികത്തുകയാണ്. അവധി ദിവസങ്ങളിൽ ലോറിയിൽ കെട്ടിട നിർമാണ വേസ്റ്റും മറ്റു മാലിന്യങ്ങളും ഉപയോഗപ്പെടുത്തിയാണ് തോട് നികത്തുന്നത്. ശുദ്ധജല ക്ഷാമവും വേനൽക്കാലത്തു പോലും വേലിയേറ്റ വെള്ളക്കെട്ടും രൂക്ഷമായ ഈ പ്രദേശത്തു ഗുരുതര പരിസ്ഥിതി പ്രതിസന്ധിയുണ്ടാകുമെന്നു നാട്ടുകാർ പറഞ്ഞു.

കിണറുകളിൽ ഉപ്പ് കയറാനും ഇത് കാരണമാകുന്നുണ്ട്. ജനപ്രതിനിധികളും പൊതു പ്രവർത്തകരും രംഗത്ത് വന്നതിനെ തുടർന്നു വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു മണ്ണിട്ട് മൂടിയ തോടുകൾ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ് നൽകി. എന്നാൽ ഭൂവുടമയോ നോക്കി നടത്തിപ്പുകാരോ അതിനുശേഷം ശേഷം ഇവിടേക്കു വന്നിട്ടില്ല. തണ്ണീർത്തടം നികത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു വാർഡ് കൗൺസിലർ പി.എൻ.വിനയചന്ദ്രൻ ആവശ്യപ്പെട്ടു.
കുളം നികത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ
ശ്രീനാരായണപുരം ∙ പി.വെമ്പല്ലൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. 21–ാം വാർഡിൽ നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കുളമാണ് ഭൂവുടമ നികത്താൻ ശ്രമിച്ചത്.വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചു ഭൂവുടമയുടെ നിർദേശപ്രകാരം കരാറുകാരൻ കുളം നികത്തുകയായിരുന്നു. നീരുനിലം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുളം നികത്തുന്നതു തടഞ്ഞപ്പോൾ ഭൂവുടമയും കരാറുകാരനും ആദ്യം അനുകൂല നിലപാട് സ്വീകരിച്ചു. കുളം നികത്തില്ലെന്നും അവശിഷ്ടങ്ങൾ ഒരു വശത്തേക്കു മാറ്റിയിടുകയാണെന്നും പറഞ്ഞു.
പിന്നീട് അവധി ദിവസങ്ങളിൽ ഒട്ടേറെ ലോറികളിൽ അവശിഷ്ടങ്ങൾ എത്തിച്ചു കുളം നികത്തി. രാത്രികാലങ്ങളിൽ മണ്ണുമാന്തി ഉപയോഗിച്ചു കുളം നികത്തുന്നതായി നാട്ടുകാർക്കു വിവരം ലഭിച്ചതോടെ ഇന്നലെ പകൽ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ സംഘടിച്ചെത്തി ഇവിടേക്ക് വരികയായിരുന്ന ലോറി തടഞ്ഞു. വിവരം അറിഞ്ഞെത്തിയ മതിലകം പൊലീസ് ഭൂമി പഴയ രീതിയിൽ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെ ഭൂവുടമ ഭൂമി പൂർവസ്ഥിതിയിലേക്ക് മാറ്റി. പഞ്ചായത്ത് അംഗങ്ങളായ രാജേഷ്, പി.ജി.കൃഷ്ണേന്ദു, നാട്ടുകാരായ ഷിബു, എം.എം.മോഹനൻ, ടി.വി.വേണു, എം.വി.പ്രദീപ്, എൻ.എം.ഗിരീഷ്, എം.എ.ദിനേശ്, പി.കെ.രാജീവ് എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.