പൈപ്പ് പൊട്ടും എന്ന് ആശങ്ക എഇഒ– നാക്കോല റോഡ് റീ ടാറിങ് തുടങ്ങിയില്ല

Mail This Article
പുന്നയൂർക്കുളം ∙ എഇഒ– നാക്കോല റോഡിലെ ടാർ കുത്തിപ്പൊളിച്ച് ആഴ്ചകൾ പിന്നിട്ടെങ്കിലും റീ ടാറിങ് തുടങ്ങിയില്ല. റോഡിന് അരികിലൂടെയും നെടുകെയും പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടും എന്ന ആശങ്കയാണ് കാരണം. കുത്തിപ്പൊളിക്കുന്നതിനു മുൻപ് തീരുമാനിക്കേണ്ട കാര്യങ്ങളാണ് റോഡ് പൊളിച്ച ശേഷം ആലോചിക്കുന്നത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ വലയുന്നത് നാട്ടുകാരും യാത്രക്കാരുമാണ്. ബിഎംബിസി ടാറിങ്ങിനു മുന്നോടിയായാണ് നിലവിലെ റോഡ് പൊളിച്ചത്.
നിർമാണത്തിനിടെ പൈപ്പ് പൊട്ടുമോ എന്ന ആശങ്ക ഉയർന്നത് അതിനു ശേഷവും. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിൽ 27 സ്ഥലത്ത് റോഡിനു കുറുകെ പൊളിച്ച് ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കണക്‌ഷൻ നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം ശരാശരി 50 സെന്റിമീറ്റർ മാത്രം കുഴി എടുത്താണ് പൈപ്പ് ഇട്ടിട്ടുള്ളത്. അതിനാൽ റോഡ് പണിക്ക് വൈബ്രേറ്റർ ഉൾപ്പെടെയുള്ള യന്ത്രം പ്രവർത്തിക്കുമ്പോൾ പൈപ്പ് പൊട്ടാൻ സാധ്യത ഏറെയാണ്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് പൈപ്പ് പോയിട്ടുള്ളത്.
ഭാവിയിൽ റോഡിനു മറുവശത്തുള്ളവർക്ക് കണക്‌ഷൻ എടുക്കേണ്ടി വരുമ്പോൾ റോഡ് കുറുകെ പൊളിക്കണം. 2019ൽ തുക വകയിരുത്തിയ റോഡ് ആണ് 6 വർഷം തികഞ്ഞിട്ടും എവിടെയും എത്താത്ത അവസ്ഥയിലുള്ളത്. 1.5 കിലോമീറ്റർ റോഡ് പണിക്ക് 1.47 കോടി രൂപയാണ് എസ്റ്റിമേറ്റ്. പ്രതിസന്ധി പരിഹരിക്കാൻ 14ന് എംഎൽഎ യോഗം വിളിച്ചിട്ടുണ്ട്.