ആദിവാസി ഗ്രാമങ്ങളിലേക്ക് ജലമെത്തിക്കുന്ന പദ്ധതി പരാജയം

Mail This Article
മലക്കപ്പാറ ∙ സാമ്പത്തിക പ്രതിസന്ധിയിലും സാങ്കേതിക പ്രശ്നങ്ങളിലും കുടുങ്ങി ആദിവാസി ഗ്രാമങ്ങളിലേക്കു ശുദ്ധജലം എത്തിക്കുന്നതിനായി തുടങ്ങി വച്ച ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. രണ്ടു വർഷം മുൻപ് ഒരു കോടി രൂപയിൽ അധികം വകയിരുത്തിയാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. മലക്കപ്പാറ ടൗൺ, അരയക്കാപ്പ്, വെട്ടിവിട്ടകാട് തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പെരുമ്പാറ മുതൽ മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റ് വരെയുള്ള ദൂരത്തിൽ റോഡിന്റെ വശങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം നടത്താനായിരുന്നു തീരുമാനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിന്റെ വശങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്നതിനും തേയില എസ്റ്റേറ്റിലെ കുളത്തിൽ നിന്നും വെള്ളം എടുക്കുന്നതിനും അനുമതി ലഭിക്കാതിരുന്നത് പദ്ധതി പാളിയതിനു കാരണമായി.
നടത്തിപ്പിൽ വന്ന വീഴ്ചയാണ് പ്രവർത്തനം തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടുവർഷം മുൻപ് ജലവിതരണം നടത്തുന്നതിന് വേണ്ടി എത്തിച്ച പൈപ്പുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതേതുടർന്ന് ആദിവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. വർഷങ്ങൾ പിന്നിട്ട ശേഷവും പദ്ധതി എങ്ങുമെത്താത്തതിനാൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ശുചിത്വ സമിതി യോഗത്തിൽ കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചു. ശുദ്ധജല പദ്ധതിയുടെ പ്രവർത്തനം മുടങ്ങിയതോടെ പൈപ്പുകൾ തിരിച്ച് ചാലക്കുടി വാട്ടർ അതോറിറ്റി ഓഫിസിൽ എത്തിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇതേ തുടർന്ന് പൈപ്പുകൾ തിരിച്ച് കൊണ്ടുപോയ നടപടിയിൽ എസ്ടി മോർച്ച പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് സിമൽ ഗോപി, ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് ചെന്താമര എന്നിവർ പ്രസംഗിച്ചു.