ഓൺലൈൻ ഓഹരി വ്യാപാരത്തട്ടിപ്പ്; പട്ടാമ്പി സ്വദേശി അറസ്റ്റിൽ

Mail This Article
ഇരിങ്ങാലക്കുട∙ ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ മറവിൽ കല്ലേറ്റുംകര സ്വദേശിയുടെ 1.06 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ മുഹമ്മദ് അബ്ദുൽ ഹക്കീമിനെയാണ് (36) സൈബർ പൊലീസ് പിടികൂടിയത്. ട്രേഡിങ്ങിനെപ്പറ്റി ഗൂഗിളിൽ തിരഞ്ഞ സമയത്ത് ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടിയ വാട്സാപ് ഗ്രൂപ്പിൽ പരാതിക്കാരൻ ചേരുകയായിരുന്നു. ഇതോടെ ഓഹരി വ്യാപാരത്തിൽ വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് വിവിധ നമ്പറുകളിൽ നിന്ന് വിളികൾ വരികയും ഒരു ഓൺലൈൻ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ഇദ്ദേഹം കഴിഞ്ഞ മാസം 14 വരെ പലതവണയായി 1.06 കോടി രൂപ നിക്ഷേപിച്ചു. നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് മനസ്സിലായ പരാതിക്കാരൻ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അബ്ദുൽ ഹക്കീം പിടിയിലായത്. ഹക്കീം ഉൾപ്പെടുന്ന സംഘം ഇദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ 4 ലക്ഷം രൂപ ചികിത്സാ സഹായം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷം അവരെക്കൊണ്ട് ചെക്ക് മുഖേന പിൻവലിപ്പിച്ച് .
ചെറിയ തുക മാത്രം നൽകി തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തി. ബിറ്റ്കോയിൻ തട്ടിപ്പ് സംഘത്തിലും ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഡിസിആർബി ഡിവൈഎസ്പി സുരേഷ്, സൈബർ പൊലീസ് ഇൻസ്പെക്ടർ ഒ.വർഗീസ് അലക്സാണ്ടർ, എസ്ഐമാരായ സൂരജ്, ബെന്നി, എഎസ്ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, അജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സച്ചിൻ, ശ്രീനാഥ്, സുധീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.