തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത; ജലവിതരണ പൈപ്പുകൾ മാറ്റുന്നു

Mail This Article
പെരുമ്പിലാവ് ∙ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി പ്രധാന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ജലഅതോറിറ്റി കുന്നംകുളം സെക്‌ഷന്റെ കീഴിലുള്ള കേച്ചേരി മുതൽ അക്കിക്കാവ് വരെയുള്ള ഭാഗങ്ങളിലാണു പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. 17 കോടി രൂപയാണു ചെലവ്.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായി നവീകരിക്കുന്ന സംസ്ഥാനപാതയുടെ നിർമാണം 2023ൽ പൂർത്തിയാകേണ്ടതായിരുന്നു. കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാതിരുന്ന കരാർ കമ്പനിയെ ഒഴിവാക്കി പുതിയ കരാറുകാരെ നിയമിച്ചതോടെയാണ് ഇപ്പോൾ വീണ്ടും പണികൾ തുടങ്ങിയത്. മഴ തുടങ്ങുന്നതിനു മുൻപു ആദ്യഘട്ട ടാറിങ് പൂർത്തിയാക്കാനാണു പദ്ധതി.
പദ്ധതിയുടെ ഭാഗമായി കല്ലുംപുറം മുതൽ പെരുമ്പിലാവ് വരെയുള്ള റോഡിൽ ഒന്നാംഘട്ട ടാറിങ് നടത്തിയെങ്കിലും ജലഅതോറിറ്റിയുടെ പൈപ്പുകൾ മാറ്റാത്തതിനാൽ അക്കിക്കാവ് മുതൽ കുന്നംകുളം വരെയുള്ള ഭാഗങ്ങളിൽ കലുങ്ക് നിർമാണം ഒഴികെ ഒരു പ്രവൃത്തിയും നടത്തിയിരുന്നില്ല. കെഎസ്ടിപിക്കാണ് ഇപ്പോൾ പൈപ്പുകൾ മാറ്റാനുള്ള ചുമതല. പദ്ധതിയുടെ രൂപരേഖ തയാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും ജല അതോറിറ്റിയാണ്. തൃത്താല ശുദ്ധജല പദ്ധതിയുടെ കുന്നംകുളം സെക്‌ഷന്റെ കീഴിലുള്ള വലിയ പൈപ്പുകളും 10 പഞ്ചായത്തുകളിലേക്കു വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളുമാണു മാറ്റുന്നത്. അര നൂറ്റാണ്ടോളം പഴക്കമുള്ളവയാണു നിലവിലുള്ളത്. ഇവ അടിക്കടി പൊട്ടുന്നതു മൂലം റോഡ് പൊളിക്കുന്നതു പതിവായിരുന്നു.