ഒളരിക്കര സ്കൂൾ കെട്ടിടം പൊളിച്ചുതുടങ്ങി; ഒടുവിൽ തീരുമാനമായി

Mail This Article
തൃശൂർ ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒന്നര പതിറ്റാണ്ടിലേറെ നിലനിന്ന ഒളരിക്കര ഗവ. യുപി സ്കൂൾ കെട്ടിടം ഒടുവിൽ പൊളിച്ചു തുടങ്ങി. ഉടനടി പൊളിക്കാൻ ആവശ്യപ്പെട്ട് 2 വർഷം മുൻപേ കരാർ നൽകിയ കെട്ടിടമാണ് തൃശൂർ കോർപറേഷൻ ഇന്നലെ മുതൽ പൊളിക്കാൻ ആരംഭിച്ചത്. തൂണുകളും മുകൾഭാഗവും ഇളകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലായിരുന്നു ഈ രണ്ടു നില കെട്ടിടം.
46 വർഷം പഴക്കംചെന്ന കെട്ടിടത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലാ കാര്യാലയമാണ് പ്രവർത്തിച്ചിരുന്നത്. അധികൃതർ ഇവിടെ നിന്ന് ഒഴിയാൻ വിസമ്മതിച്ചതോടെ കെട്ടിടം പൊളിക്കൽ നീണ്ടുപോയി. നഴ്സറി കുട്ടികളടക്കം 250 കുട്ടികൾ പഠിക്കുകയും ഓടിക്കളിക്കുകയും ചെയ്യുന്ന സ്കൂൾ അങ്കണത്തിലെ ദുരിതാവസ്ഥ സംബന്ധിച്ച കഴിഞ്ഞ ജൂലൈ 22നു മനോരമ വാർത്ത നൽകിയിരുന്നു.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണ്ടതോടെ വർഷങ്ങൾക്കു മുൻപേ ഇവിടത്തെ അധ്യയനം അവസാനിപ്പിച്ചിരുന്നു. കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അന്നുമുതൽ കോർപറേഷനും വിദ്യാഭ്യാസ വകുപ്പിനും ഒട്ടേറെ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഉപജില്ലാ കാര്യാലയത്തിനു മറ്റൊരു സ്ഥലം കണ്ടെത്തുന്ന മുറയ്ക്കു കെട്ടിടം പൊളിച്ചു നീക്കേണ്ടതാണെന്നു കാണിച്ച് 2 വർഷം മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടം പൊളിക്കാൻ കോർപറേഷൻ കരാർ നൽകുകയും ചെയ്തു. എന്നാൽ കോർപറേഷനും വിദ്യാഭ്യാസ ഓഫിസ് അധികൃതരും തമ്മിൽ പകരം സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കം നീണ്ടതോടെ കെട്ടിടം തൊടാൻ കരാറുകാരനു കഴിഞ്ഞില്ല.
ഒടുവിൽ മാസങ്ങൾക്കു മുൻപാണ് പുതൂർക്കര ഗവ. എൽപിഎസിലേക്കു വെസ്റ്റ് ഉപജില്ലാ കാര്യാലയം താൽക്കാലികമായി മാറ്റിയത്. ഒളരിക്കര സ്കൂളിൽ കെട്ടിടം പൊളിക്കുന്ന സ്ഥലത്ത് നിലവിൽ പുതിയ പദ്ധതികളൊന്നുമില്ലെന്നും വിദ്യാർഥികൾക്കായി സ്മാർട് റൂം, കംപ്യൂട്ടർ ലാബ് എന്നിവയടങ്ങുന്ന ആധുനിക കെട്ടിട സമുച്ചയം നിർമിക്കണമെന്നാണ് സ്കൂൾ അധികൃതരുടെയും പിടിഎയുടെയും ആഗ്രഹമെന്നും ഡിവിഷൻ കൗൺസിലർ ശ്രീലാൽ ശ്രീധർ പറഞ്ഞു.