അധികൃതരേ നിങ്ങൾ മറന്നോ? ദേ, ഈ പാറമടയിൽ ഉള്ളത് ടൺ കണക്കിന് മാലിന്യമാണ്!

Mail This Article
ചെറുവാളൂർ ∙ അധികൃതരേ നിങ്ങൾ മറന്നോ? ദേ, ഈ പാറമടയിലുണ്ട് രാത്രിയുടെ മറവിൽ ടോറസ് ലോറികളിൽ കൊണ്ടു വന്നു തട്ടിയ ലോഡ് കണക്കിനു മാലിന്യം! 31നു മുൻപു മാലിന്യം തള്ളിയ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കണമെന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവുണ്ടെങ്കിലും നടപടികൾക്ക് അനക്കമില്ല.2 വർഷം മുൻപാണ് 6 ലോഡ് മാലിന്യം പാറമടയിൽ തള്ളിയതെന്നു നാട്ടുകാർ പറയുന്നു. മാലിന്യം ഉപയോഗിച്ചു പാറമട നികത്താനായിരുന്നു നീക്കം. പഞ്ചായത്ത് ഇടപെട്ടു തടഞ്ഞതോടെ കൂടുതൽ മാലിന്യം തള്ളുന്നതു നിർത്തി. മാലിന്യം തള്ളിയ സംഭവത്തിലെ പ്രതികളെ പിടികൂടി. അതു സംബന്ധിച്ചു പൊലീസ് കേസെടുക്കുകയും ലോറികൾ പിടിച്ചെടുക്കുകയും ചെയ്തു.
കേസ് നടപടികൾ കോടതിയിലേക്കു നീങ്ങുകയും ചെയ്തു. പാലക്കാട് നിന്നുള്ളവരാണു മാലിന്യം തള്ളിയതെന്നു കണ്ടെത്തി. മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചെങ്കിലും ആ ഫയൽ പിന്നീടു ചുവപ്പുനാടയിൽ നിന്നു രക്ഷപ്പെട്ടില്ല. ചെറാലക്കുന്ന് മൃഗാശുപത്രിക്കു സമീപമുള്ള പഴയ പാറമടയിലാണു പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും ആശുപത്രി മാലിന്യങ്ങളും കൊണ്ടുവന്നിട്ടു മൂടാൻ ശ്രമം നടത്തിയത്. ആശുപത്രിയിൽ നിന്നുള്ള പഞ്ഞിയും ഡിസ്‌പോസിബ്ൾ സിറിഞ്ച് കവറുകളും കൂട്ടത്തിലുണ്ടായിരുന്നു. ആദ്യം മീൻ വളർത്തുന്നതിന് ഉപയോഗിച്ചിരുന്ന ജലാശയം അത് അവസാനിപ്പിച്ച ശേഷമാണു നികത്താനുള്ള ശ്രമം ആരംഭിച്ചത്. 25 അടിയിലധികം താഴ്ചയിലേക്കാണു ലോറിയിൽ എത്തിച്ച പ്ലാസ്റ്റിക് തള്ളിയത്.

പാറമടയുടെ പകുതിയോളം ഭാഗം നികത്തിയ ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്.പാറമട നികത്തി കളിക്കളം ഒരുക്കാമെന്നു വാഗ്ദാനം നൽകിയതിനാൽ നാട്ടുകാരും ജനപ്രതിനിധികളും മാലിന്യം തള്ളലിനു കൂട്ടു നിന്നതായി ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്താകെ തള്ളിയ വൻ മാലിന്യശേഖരം വിപത്താണെന്നു തിരിച്ചറിഞ്ഞ് അടിയന്തരമായി നീക്കണമെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയ ശേഷവും ചെറാലക്കുന്നിലെ മാലിന്യം നീക്കാനുള്ള നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്. ഇതിനിടെ പാറമടയിൽ തള്ളിയ മാലിന്യത്തിൽ കുറച്ചു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നതായി അധികൃതർ പറയുന്നു.