അണ്ടത്തോട് കടൽഭിത്തി നിർമാണം: പുലിമുട്ട് വേണമെന്ന് തീരവാസികൾ

Mail This Article
പുന്നയൂർക്കുളം ∙ അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണം ആരംഭിച്ചു. അണ്ടത്തോട് മുതൽ പെരിയമ്പലം വരെ 500 മീറ്റർ ദൂരമാണ് പണി നടക്കുന്നത്. അതേസമയം, കടൽഭിത്തി അശാസ്ത്രീയമാണെന്നും പുലിമുട്ട് അല്ലെങ്കിൽ ചെല്ലാനം മോഡൽ ടെട്രാപോഡ് ആണ് വേണ്ടതെന്നുമാണ് തീരവാസികൾ പറയുന്നത്. തിരമാലകളെ തടഞ്ഞുനിർത്തുന്നത് അശാസ്ത്രീയമാണ് എന്ന് സമീപപ്രദേശങ്ങളിലെ കടൽഭിത്തി നിർമാണങ്ങൾ തെളിയിച്ചതാണ്.
മലപ്പുറം ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് ബീച്ചിൽ കടൽഭിത്തി നിർമിച്ചതിന്റെ ദുരിതം അനുഭവിച്ചത് സമീപ പ്രദേശങ്ങളിലുള്ളവരാണ്. ഇക്കാര്യങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും ഭിത്തി നിർമാണവുമായി മുന്നോട്ടു പോകുന്നു എന്നാണ് ആക്ഷേപം. പാലപ്പെട്ടിയിൽ കടൽഭിത്തി പണിതപ്പോൾ തങ്ങൾപ്പടി, പെരിയമ്പലം, അണ്ടത്തോട്, പാപ്പാളി ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷമായി. ഇവിടെയുള്ള കുടുംബങ്ങൾ മാറിത്താമസിക്കേണ്ടി വന്നു.
ഇവിടെയുള്ള നൂറുകണക്കിനു കാറ്റാടി മരങ്ങളും തെങ്ങുകളും ഫലവൃക്ഷങ്ങളും ഇല്ലാതായി. ഭിത്തി കെട്ടുന്നതോടെ ബീച്ചിന്റെ സൗന്ദര്യവും നഷ്ടപ്പെടും. സമീപത്തെ മന്ദലാംകുന്ന് ഉൾപ്പെടെയുള്ള ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷമാകും. തീരവാസികളുടെ ജീവിതവും ബീച്ചിന്റെ സൗന്ദര്യവും ഇല്ലാതാക്കുന്നതാണ് കടൽഭിത്തി നിർമാണമെന്നും തീരവാസികൾ ആരോപിക്കുന്നു. പ്രദേശവാസികളുടെ ആശങ്ക അകറ്റാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങുമെന്ന് സ്ഥലം സന്ദർശിച്ച മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മൊയ്തുണ്ണി പറഞ്ഞു.