സബ് റജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിലായി; ചെന്നെത്താൻ പെടാപ്പാട്

Mail This Article
അന്നമനട ∙സബ് റജിസ്ട്രാർ ഓഫിസ് അടുത്തിടെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയെങ്കിലും പൊതുറോഡിൽ നിന്ന് ഓഫിസ് പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള റോഡിന്റെ ടാറിങ് നടത്താത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. അന്നമനട-മാള റോഡിൽ നിന്ന് ഏകദേശം അരക്കിലോമീറ്ററോളം ദൂരത്തിലാണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. കൃഷിഭവൻ, ഓട്ടിസം സെന്റർ എന്നിവ ഇവിടെ നേരത്തെ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഓട്ടിസം സെന്ററിനു മുൻപിലാണ് റോഡ് അവസാനിക്കുന്നത്.
മഴക്കാലത്ത് ചെളി നിറഞ്ഞും മഴ കഴിഞ്ഞാൽ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞും വാഹനയാത്ര പോലും ക്ലേശകരമാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ ഇതിലെ സഞ്ചരിക്കുന്നവർ വീണു പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതല്ലാതെ മറ്റു നടപടികൾ എങ്ങുമെത്തിയിട്ടില്ല.
പ്രദേശവാസിയായ പൊഴേലിപ്പറമ്പിൽ മാർട്ടിനും കുടുംബാംഗങ്ങളും വിട്ടുനൽകിയ ഭൂമിയാണിത്. പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയത്തിനും ആയുർവേദ ആശുപത്രിക്കും വിട്ടുനൽകിയ ഭൂമിയും ഇവിടെ തന്നെയാണ്. റോഡിനായുള്ള ആദ്യഘട്ട ജോലികൾ നടത്തിയാണ് ഉടമ ഭൂമി വിട്ടു നൽകിയിരുന്നത്. ടെൻഡർ നടപടികളുടെ കാലതാമസം ഒഴിവാക്കാൻ പഞ്ചായത്ത് ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.