മീൻപിടിക്കാൻ തീവ്രവെളിച്ചം: 3 വള്ളങ്ങൾ പിടികൂടി

Mail This Article
ചാവക്കാട്∙തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് ആഴക്കടലിൽ അനധികൃത മീൻപിടിത്തം നടത്തിയ 3 വള്ളങ്ങൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് സംഘം പിടിച്ചെടുത്തു.3 ലക്ഷം രൂപ പിഴ ചുമത്തി. മീൻ ലേലം ചെയ്ത് ലഭിച്ച 9700 രൂപയും സർക്കാരിലേക്ക് അടച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി കരീപാടത്ത് വീട്ടിൽ മനീഷിന്റെ ഉടമസ്ഥതയിലുള്ള സൂര്യദേവനും ഏങ്ങണ്ടിയൂർ പുതുവീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള 2 ചെറിയ വള്ളങ്ങളുമാണ് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സീമ, കോസ്റ്റൽ എസ്എച്ച്ഒ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
ഫിഷറീസ് ഉദ്യോഗസ്ഥരായ രേഷ്മ, ജയചന്ദ്രൻ, കോസ്റ്റൽ പൊലീസ് എസ്ഐ മാരായ സുമേഷ് ലാൽ, ലോഫിരാജ്, സിപിഒ മാരായ നിധിൻ, അനൂപ്, ബൈജു, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഇ.ആർ.ഷിനിൽകുമാർ, വി.എൻ.പ്രശാന്ത്കുമാർ, വി.എം.ഷൈബു എന്നിവരും പരിശോധന സംഘത്തിലുണ്ടായി. കടലിൽ മീൻപിടിക്കാൻ അനുവദനീയമായത് 12 വാട്സിൽ താഴെയുള്ള വെളിച്ചമാണ്.

എന്നാൽ പിടികൂടിയ വള്ളക്കാർ ഉപയോഗിച്ചത് 4636 വാട്സ് അതിതീവ്ര വെളിച്ചമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് അതിതീവ്ര വെളിച്ചം ഉപയോഗിച്ചുള്ള അനധികൃത മീൻപിടിത്തം. വള്ളങ്ങൾ ചേർത്തിട്ട ശേഷം തീവ്രപ്രകാശമുള്ള വിളക്കുകൾ വെള്ളത്തിലേക്ക് പ്രകാശം പതിക്കുന്ന രീതിയിൽ സ്ഥാപിക്കും. പ്രകാശം കാണുന്നതോടെ കൂട്ടമായെത്തുന്ന മത്സ്യം കോരിയെടുക്കുന്ന രീതിയാണ് നടത്തുന്നത്.