ചിറങ്ങരയിൽ ദേശീയപാതയിലെ ഡ്രെയ്നേജ് സംവിധാനത്തിന്റെ സ്ലാബ് തകർന്നു

Mail This Article
ചിറങ്ങര ∙ നിർമിച്ചു പുതുമണം മാറും മുൻപേ ദേശീയപാതയിലെ ഡ്രെയ്നേജ് സംവിധാനത്തിന്റെ സ്ലാബ് തകർന്നു കാനയിൽ വീണു. വാഹനം കയറിയതിനെ തുടർന്നാകും സ്ലാബ് തകർന്നതെന്നാണു സൂചന. വാഹനം മറിയാതിരുന്നതു വൻ അപായം ഒഴിവാക്കുകയും ചെയ്തു.കാനയ്ക്കു മുകളിൽ സ്ഥാപിച്ച സ്ലാബ് അടക്കമുള്ള വീതി ഉപയോഗപ്പെടുത്തി വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാൽ നിർമാണം നടത്തി ആഴ്ചകൾക്കുള്ളിൽ സ്ലാബ് തകർന്നത് ആശങ്കയ്ക്കു കാരണമായി.
ചിറങ്ങര ഗ്രാമീൺ ബാങ്കിനു സമീപം ബദൽ റോഡിനോടു ചേർന്നാണു സ്ലാബ് തകർന്നത്. ഇതോടെ അപകടാവസ്ഥ ഒഴിവാക്കാൻ റിബൺ വലിച്ചു കെട്ടിയിരിക്കുകയാണ്. ട്രാഫിക് കോണുകളും സ്ഥാപിച്ചു.പല ഭാഗത്തും സ്ലാബുകളിൽ പൊട്ടലുണ്ട്. നിർമാണം ആരംഭിച്ച ഘട്ടത്തിൽ തന്നെ നിർമാണത്തിന്റെ ഗുണനിലവാരത്തെ കുറിച്ചു പരാതി ഉയർന്നിരുന്നു. ദേശീയപാത എൻജിനീയറിങ് വിഭാഗം മേൽനോട്ടത്തിന് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കാന പ്രയോജനപ്പെടില്ലെന്നും മഴക്കാലത്തു വലിയ വെള്ളക്കെട്ടിനു കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പല ഭാഗത്തും കാനയുടെ നിരപ്പു വ്യത്യാസം ഗുരുതര അനാസ്ഥയുടെ ലക്ഷണമായി നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റിക്ക് ഉൾപ്പെടെ പരാതി നൽകിയതോടെ കാന സ്ലാബ് അടക്കം പലവട്ടം പൊളിച്ചു പുനർനിർമിക്കുകയും ചെയ്തു. അതാണു വൈകാതെ തകർന്നത്. കാന നിർമിച്ചതും വീണ്ടും പൊളിച്ചു നിർമിച്ചതും കാരണം ഡ്രെയിനേജ് സംവിധാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകുകയും ചെയ്തു.അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും ഈ ഭാഗത്തു രൂക്ഷമാണ്.