പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധം

Mail This Article
എരുമപ്പെട്ടി∙ വരവൂർ പഞ്ചായത്തിൽ ഹരിതകര്‍മ സേനയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന പൊതുവഴി അടച്ച് കെട്ടിയതിനെതിരെ നടപടി സ്വീകരിക്കാത്തതിലും സ്വകാര്യ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് അനധികൃതമായി മാലിന്യം കൊണ്ടു വന്ന വാഹനങ്ങൾ പിടിച്ചെടുക്കാത്തതിനുമെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ 4ന് രാത്രി പ്ലാന്റിലേക്ക് അനധികൃതമായി മാലിന്യം കൊണ്ടു വന്നതിനെത്തുടർന്ന് വാഹന ഉടമകൾക്കെതിരെ നടപടി വേണമെന്നു കാണിച്ചു പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിലും നടപടിയുണ്ടായില്ലെന്ന് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത, വൈസ് പ്രസിഡന്റ് കെ.കെ.ബാബു, സ്ഥിരസമിതി അധ്യക്ഷൻമാരായ പി.കെ.യശോദ, വിമല പ്രാഹ്ലാദൻ, പി.ഹിദായത്തുല്ല , അംഗങ്ങളായ വി.കെ.സേതുമാധവൻ, വി.ടി.സജീഷ് എന്നിവർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സ്റ്റേഷന്‍കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
സ്ഥലത്തെത്തി ഉടന്‍ നടപടി സ്വീകരിക്കാമെന്ന് എസ്എച്ച്ഒ ഉറപ്പു നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇ.എൻ.ഹരിനാരായണന്റെ നേതൃത്വത്തിൽ വേലി പൊളിച്ചുനീക്കി. സ്ഥലത്ത് പൊലീസ് സംരക്ഷണവും നൽകിയിരുന്നു. മാലിന്യം കൊണ്ടുവന്ന വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് പൊലീസ് പിടികൂടിയത്. ബാക്കിയുള്ള രണ്ടു വാഹനങ്ങൾ കൂടി പിടികൂടണമെന്നും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.