ADVERTISEMENT

ഇരിങ്ങാലക്കുട ∙ ഇനി കഴകം ജോലിക്കില്ലെന്നും ഓഫിസ് ജോലിയാണെങ്കിൽ സ്വീകരിക്കാമെന്നും തന്ത്രിമാരുടെ പ്രതിഷേധത്തെത്തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്നു മാറ്റിനിർത്തപ്പെട്ട് അവധിയിൽ പോയ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ.ബാലു. എന്നാൽ, കഴകം ജോലിക്ക് നിയോഗിക്കപ്പെട്ട ആളെ സ്ഥിരമായി മറ്റു ജോലികളിൽ നിയോഗിക്കാൻ ദേവസ്വത്തിന് അധികാരമില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ.ഗോപി. ജാതീയമായി വിവേചനം നേരിട്ടതായി ആരുടെയും പരാതി ദേവസ്വത്തിനു ലഭിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. ഇന്ന് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി പ്രതിവാര യോഗം ചേരുന്നുണ്ട്.

പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് നേരിട്ടെന്തെങ്കിലും വിവേചന അനുഭവം ഉണ്ടായിട്ടില്ലെന്നും ബാലു പറഞ്ഞു. ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന ഉത്സവത്തിലെ ചടങ്ങുകളിൽ തന്ത്രിമാർ ബഹിഷ്കരണം തുടർന്നാൽ അത് തനിക്കു മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കും. ഇനി ഒരു ദേവസ്വത്തിലും കഴകം ജോലി ചെയ്യാൻ താൽപര്യമില്ല. ജോലി ക്രമീകരണങ്ങളുടെ ഭാഗമായി ഒ‌ാഫിസിലേക്കു മാറ്റുന്നെന്ന് കാണിച്ച് കഴിഞ്ഞ 6ന് ദേവസ്വം കത്ത് നൽകിയപ്പോൾ ആണ് തന്ത്രിമാർ ഇത്രയും ദിവസം തന്നെ ബഹിഷ്കരിക്കുകയാണെന്ന് അറിയുന്നത്. തന്ത്രിമാരുമായിട്ടോ മറ്റ് അംഗങ്ങളുമായിട്ടോ നേരിട്ട് പരിചയമോ ബന്ധമോ ഇല്ല.

ആരും സംസാരിക്കാനും വന്നിട്ടില്ല. ഫെബ്രുവരി 24ന് ജോലിയിൽ പ്രവേശിച്ച താൻ ഈ മാസം 6 വരെ ക്ഷേത്രത്തിലും 7ന് ഒ‍ാഫിസിലും ജോലി ചെയ്തെന്നു ബാലു പറഞ്ഞു.കേരള ദേവസ്വം ബോർഡ് റിക്രൂട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ പാസായി ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ചയാളാണ് ഈഴവ വിഭാഗക്കാരനായ ബാലു. പ്രതിഷ്‌ഠാദിന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് തന്ത്രിമാർ ആറിന് ദേവസ്വത്തിനു കത്തു നൽകി. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിൽ ജോലി ക്രമീകരണങ്ങളുടെ ഭാഗമായി ജീവനക്കാരനെ ഓഫിസ് ജോലിയിലേക്ക് മാറ്റുകയായിരുന്നെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. അവധിയിൽ പ്രവേശിക്കുന്നതായി അന്നു തന്നെ ബാലു കത്തു നൽകി.

7ന് ഓഫിസ് ജോലി ചെയ്തു. 8 മുതൽ 16 വരെ അവധിയിലാണ്. അമ്പലവാസി വിഭാഗത്തിൽപെട്ട മറ്റൊരു ജീവനക്കാരനാണ് ഇപ്പോൾ കഴകം ജോലി നിർവഹിക്കുന്നത്. 5 വർഷമായി കഴകപ്രവൃത്തി ചെയ്തിരുന്ന ആളെ നോട്ടിസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ട കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ അന്യായ നീക്കത്തെയാണു ചോദ്യം ചെയ്തതെന്നാണു ക്ഷേത്രം തന്ത്രിമാരുടെ നിലപാട്. ക്ഷേത്രത്തിൽ ജാതിവിവേചനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചില തൽപരകക്ഷികൾ നീചമായ പ്രചാരണം നടത്തുകയാണെന്നും അവർ പറയുന്നു.

കഴകം ജോലിക്ക് റിക്രൂട്മെന്റ് ബോർഡ് വഴി നിയമനം നടത്തരുതെന്ന് ദേവസ്വം നിയമത്തിൽ പറയുന്നുണ്ടെന്ന് തന്ത്രിമാർ പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു വ്യവസ്ഥ ഇല്ല എന്ന് ചെയർമാൻ അറിയിച്ചു. കഴകം തസ്തികയിലേക്ക് റിക്രൂട്മെന്റ് ബോർഡ് വഴി നിയമനം നടത്തുന്നതിന് വിലക്കില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വർഷത്തിൽ 2 മാസം (മകരം, ഇടവം) പാരമ്പര്യ കഴകക്കാരാണ് കഴകം ജോലി നോക്കുന്നത്. 10 മാസത്തെ കഴകം ജോലിക്കാണ് ദേവസ്വം ജീവനക്കാരനെ നിയോഗിക്കുന്നത്. 1984 മുതൽ ഇങ്ങനെയാണ്.

അന്നു മുതൽ തസ്തികയുണ്ട്. എന്നാൽ, ആദ്യമായാണ് അമ്പലവാസി വിഭാഗത്തിനു പുറത്തുള്ള ഒരാൾ ഈ തസ്തികയിൽ നിയമിക്കപ്പെടുന്നത്. പാരമ്പര്യ കഴകക്കാർ എത്തുന്ന 2 മാസം ഇവർ ഓഫിസ് ജോലി നോക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, ഇവരെ സ്ഥിരമായി ഓഫിസ് ജോലിക്കു നിയോഗിക്കാൻ ദേവസ്വത്തിന് അധികാരമില്ല. അതിന് മാനേജ്മെന്റ് കമ്മിറ്റി കൂടി തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെയും റിക്രൂട്മെന്റ് ബോർഡിനെയും അറിയിക്കേണ്ടതുണ്ട്. അതിനു ശേഷം അവരാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

കഴകം തസ്തിക 1984 മുതൽ 
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം അവകാശം കൃഷ്ണപിഷാരം (6 മാസം), അറയ്ക്കൽ പിഷാരം (4 മാസം), തെക്കേ വാരിയം (2 മാസം) എന്നീ 3 കുടുംബങ്ങൾക്കായിരുന്നു. ഈ 3 കുടുംബങ്ങൾ അടക്കം ഉത്സവത്തിന് വിളക്കു പിടിക്കാനും മാല കെട്ടാനും അവകാശമുള്ള 12 കുടുംബങ്ങളുണ്ട്. നിത്യവൃത്തിക്ക് പണം കണ്ടെത്താനാവുന്നില്ലെന്നുകണ്ട്, 1984ൽ കഴകം അവകാശമുള്ള കുടുംബങ്ങൾ കഴക പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് ദേവസ്വത്തെ അറിയിച്ചതോടെയാണ് ദേവസ്വം ഒരാളെ കഴകക്കാർക്കായി അപേക്ഷ ക്ഷണിച്ചത്. 

വിളക്കുപിടിക്കാൻ അവകാശമുള്ള വേളൂക്കരപ്പട്ടത്തിൽപെട്ട രാമചന്ദ്രൻ നമ്പീശൻ നിയമിതനായി. അന്നുമുതൽ കഴകം തസ്തിക നിലവിലുണ്ട്. ഈ സമയത്തു തന്നെ തെക്കേ വാരിയം കുടുംബക്കാർ കഴകം ജോലിക്കു വീണ്ടും സന്നദ്ധത അറിയിച്ചു. അങ്ങനെ അവർക്ക് അവകാശപ്പെട്ട 2 മാസം (മകരം, ഇടവം) ആ കുടുംബത്തിൽ നിന്നുള്ള ആളും ബാക്കി 10 മാസം രാമചന്ദ്രൻ നമ്പീശനുമായി കഴകം. 84 രൂപയായിരുന്നു അന്ന് മാസശമ്പളം. 1995 മുതൽ ദേവസ്വം സ്കെയിലിൽ ശമ്പളം ലഭിച്ചു തുടങ്ങി. 

2020ൽ രാമചന്ദ്രൻ വിരമിച്ചു. ആ വർഷം താൽക്കാലിക ജീവനക്കാരനെ നിയമിച്ചു. ഇതും വിളക്കുപിടിക്കാൻ അവകാശമുള്ള കുടുംബത്തിൽപെട്ട ആളായിരുന്നു. ദേവസ്വം റിക്രൂട്മെന്റ് ബോർഡിൽ നിന്ന് ബാലുവിനെ നിയമിച്ചപ്പോൾ ഈ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. വർഷത്തിൽ 2 മാസം ഇപ്പോഴും പാരമ്പര്യ കഴകക്കാരാണ് ജോലി നിർവഹിക്കുക. നിയമിക്കപ്പെടുന്ന ജീവനക്കാരൻ ഈ രണ്ടു മാസം ഓഫിസ് ജോലികൾ ചെയ്യണം. അങ്ങനെ വ്യവസ്ഥ എഴുതിവാങ്ങിയിട്ടുണ്ട്. 2 മാസം കഴകപ്രവൃത്തി ചെയ്യുന്ന പാരമ്പര്യ കഴകക്കാരന് ബാക്കി 10 മാസം 2000 രൂപ അലവൻസ് ദേവസ്വം നൽകിവരുന്നുണ്ട്.

സംഭവിക്കാൻ പാടില്ലാത്തത്: മന്ത്രി 
ഇരിങ്ങാലക്കുട ∙ നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മന്ത്രി ആർ. ബിന്ദു. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നു മാറിനിൽക്കേണ്ടി വരുന്നത് ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല. മാല കെട്ടുന്നതിനു പോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം. മന്ത്രി ബിന്ദു പറഞ്ഞു.

ജാതിവിവേചനത്തിനെതിരെ പ്രതിഷേധ മാർച്ച് ഇന്ന് 
തൃശൂർ ∙ കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഇന്നു വൈകിട്ട് 4നു മാർച്ച് നടത്തും. ഇരിങ്ങാലക്കുട പൂതക്കുളം മൈതാനിയിൽ (ഠാണാവിനു വടക്ക്) നിന്ന് മാർച്ച് ആരംഭിക്കും. 4.30നു കൂടൽമാണിക്യ ക്ഷേത്രത്തിന്റെ മുൻപിൽ ധർണയോടെ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ മാർച്ചും യോഗം കൗൺസിലർ ബേബി റാം ധർണയും ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ ചിന്തു ചന്ദ്രൻ, ദിനിൽ മാധവ് എന്നിവർ പറഞ്ഞു.

നിയമനം നടത്തിയത് ശരിയല്ല 
ഇരിങ്ങാലക്കുട ∙ ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിനെ ഏൽപിച്ചു കൊടുത്ത നിയമത്തിൽ തന്നെ ആചാരങ്ങളെയും അവയ്ക്ക് നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ടെന്ന് സാമന്ത സമാജം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വേണുഗോപാൽ കർത്താവ് പറഞ്ഞു. പാരമ്പര്യ പ്രവൃത്തികൾക്ക് നിയമനം നടത്തേണ്ട ആവശ്യം തന്നെ ദേവസ്വത്തിനില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തിക്കാരുടെ കാര്യത്തിൽ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഇടപെടാറില്ല. കൂടൽമാണിക്യം കഴക പ്രവൃത്തിക്കുള്ള നിയമനത്തിന് റിക്രൂട്മെന്റ് ബോർഡ് പരസ്യം ചെയ്തതുതന്നെ ശരിയല്ലെന്നും സമാജം അറിയിച്ചു.

ഇന്ന് പ്രതിഷേധം 
ഇരിങ്ങാലക്കുട ∙ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് നിയമിച്ച ജീവനക്കാരനെ ജോലി ചെയ്യാൻ അനുവദിക്കാത്തതിനെതിരെ പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് 5ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് സർഗാത്മക പ്രതിഷേധം സംഘടിപ്പിക്കും. എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

English Summary:

Caste discrimination allegations rock the Koodalmanikyam Temple after a newly appointed employee is removed. Protests erupt as the Devaswom explains its position amidst accusations of unjust dismissal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com