അൻപത്തൊന്നാം തറയിൽ ഡബിൾ ബോക്സ് പാലം: പ്രധാന ബ്ലോക്കിന്റെ കോൺക്രീറ്റിങ് പൂർത്തിയായി

Mail This Article
വെങ്കിടങ്ങ് ∙ കണ്ണോത്ത് - പൂല്ലഴി റോഡിൽ അൻപത്തൊന്നാം തറയ്ക്ക് സമീപം നിർമിക്കുന്ന ഡബിൾ ബോക്സ് പാലത്തിന്റെ പ്രധാന ബ്ലോക്കിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. ഇവിടെ അടാട്ട് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്. കോൾപാടങ്ങളിലേക്ക് ജലനിയന്ത്രണത്തിനുള്ള ചീർപ്പുകളും അതോടൊപ്പം ഗതാഗത സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിർമാണവും കൈവരികളുമാണ് ഇനി ബാക്കിയുള്ളത്. അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്യാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. കെഎൽഡിസിയാണ്1.21 കോടി രൂപ ചെലവിട്ട് പാലം നിർമിക്കുന്നത്.
കഴിഞ്ഞ വർഷമാണ് നിർമാണം തുടങ്ങിയത്. കനത്ത മഴ മൂലം നിർമാണം കുറച്ചുകാലം നിർത്തിവച്ചു. 14.10 മീറ്റർ നീളവും 4.60 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. മേയ് മാസം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഗതാഗതം പുനഃസ്ഥാപിക്കാമെങ്കിലും അടാട്ട് ഭാഗത്തേക്ക് ഒന്നര കിലോമീറ്റർകോൾ ബണ്ട് റോഡ് നിലവിൽ ഗതാഗത യോഗ്യമല്ല. ഇത് കൂടി ഗതാഗത യോഗ്യമാക്കിയാൽ വെങ്കിടങ്ങ്, മുല്ലശേരി, ഏങ്ങണ്ടിയൂർ പ്രദേശങ്ങളിലുള്ളവർക്ക് തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ സുഗമമായി എത്താം.