ഗുരുവായൂർ ഉത്സവം: ഒരു ദിവസം പ്രസാദ ഊട്ട് കഴിക്കുന്നത് ലക്ഷത്തിലേറെപ്പേർ

Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഉത്സവത്തിന് ആകെ ചെലവ് 4.55 കോടി രൂപ. ഇതിൽ 3.43 കോടി രൂപ പ്രസാദ ഊട്ടിനാണ്. ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് രാവിലെ 9 മുതൽ പ്രസാദ ഊട്ട് വിളമ്പും. ദിവസം ഒരു ലക്ഷത്തിലേറെ പേർ ഉത്സവത്തിന്റെ പ്രസാദ ഊട്ട് കഴിക്കും. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പാള പ്ലേറ്റിൽ കഞ്ഞി, മുതിരയും ഇടിച്ചക്കയും ചേർത്ത പുഴുക്ക്, കഞ്ഞി കുടിക്കാൻ പച്ച പ്ലാവില, ഇലച്ചീന്തിൽ പപ്പടം, നാളികേരപ്പൂള്, ശർക്കര എന്നിവ നൽകും.രാത്രി വടക്കേനടയിലെ പന്തലിൽ ചോറ്, രസകാളൻ, ഓലൻ, പപ്പടം എന്നിവ നൽകും.

ക്ഷേത്രവുമായി ബന്ധപ്പെട്ടവർ, ദേവസ്വം ജീവനക്കാർ , പെൻഷൻകാർ, പൊലീസ്, അഗ്നിശമന സേന, കെഎസ്ഇബി, നഗരസഭ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്ക് 2 നേരം വിഭവങ്ങൾ പകർച്ചയായി നൽകും. 92 ടൺ അരി, 25 ടൺ മുതിര, 9 ടൺ വെളിച്ചെണ്ണ, 10 ടൺ പപ്പടം, 4.65 ടൺ ഉപ്പ്, 3 ടൺ ശർക്കര, 20 ടൺ മത്തൻ, 12 ടൺ ഇളവൻ, 15 ടൺ ഇടിച്ചക്ക, 2 ലക്ഷം പാള പാത്രം എന്നിങ്ങനെയാണ് കലവറയിലെ കരുതൽ. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ദേഹണ്ഡത്തിന്റെ ചുമതല. എട്ടാം വിളക്കിന് വിഭവസമൃദ്ധമായി പകർച്ച നൽകും.
4 വേദികളിൽ കലാപരിപാടികൾ
ഉത്സവത്തിന് 4 വേദികളിലാണ് കലാപരിപാടികൾ. പ്രധാന വേദി മേൽപുത്തൂർ ഓഡിറ്റോറിയം തന്നെ. ഇവിടെ പുലർച്ചെ 5ന് അഷ്ടപദി ആരംഭിക്കും.മെഗാ പരിപാടികൾ വൈഷ്ണവം വേദിയിലാണ്. അനുഷ്ഠാന ക്ഷേത്ര കലകൾ വൈകുണ്ഠം എന്ന തുറന്ന വേദിയിലാണ്. ക്ഷേത്രക്കുളത്തിനു സമീപം നന്ദാവനം വേദി തിരുവാതിരക്കളിക്ക് മാത്രമാണ്. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 10 വരെ ഇവിടെ തിരുവാതിരക്കളി മാത്രം.
ഉച്ചപ്പൂജ അലങ്കാരം
ക്ഷേത്രത്തിലെ ഉച്ചപ്പൂജയ്ക്ക് കണ്ണന്റെ കളഭാലങ്കാരം തീർഥ മോഹൻ, കല്ലൂർ എന്ന നർത്തകി മോഹിനിയാട്ട രൂപത്തിൽ ഉത്സവ വേദിയിൽ അവതരിപ്പിച്ചു. 3 വർഷമായി ദേവസ്വത്തിന്റെ കളഭാലങ്കാര വർണന വന്നാലുടൻ മോഹിനിയാട്ടം ആടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന നർത്തികയാണ് തീർഥാഞ്ജലി കൃഷ്ണ എന്നറിയപ്പെടുന്ന തീർഥ മോഹൻ.
ഗുരുവായൂർ ഉത്സവം: ഇന്ന് നാലാം വിളക്ക്
∙ഗുരുവായൂർ ക്ഷേത്രം: കാഴ്ച ശീവേലി, മേളം 7.00, ശ്രീഭൂതബലി 11.00, ചാക്യാർ കൂത്ത് 1.00, കാഴ്ച ശീവേലി, മേളം 3.00, കേളി, മദ്ദളപ്പറ്റ്, പാഠകം 6.00, ശ്രീഭൂതബലി, വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ച് വയ്ക്കൽ 8.00.
∙ക്ഷേത്രം വടക്കേനട: തായമ്പക 1. ചെറുശേരി ആനന്ദ്, അർജുൻ.എസ്.മാരാർ 8.00, 2. കല്ലൂർ ഉണ്ണിക്കൃഷ്ണൻ, കാഞ്ഞിലശേരി വിനോദ്, 9.30, 3.പോരൂർ ഹരിദാസ്, ചെർപ്പുളശേരി ജയൻ, വിജയൻ 11.00. കൊമ്പുപറ്റ്, കുഴൽപറ്റ്, ശീവേലി, വിളക്കെഴുന്നള്ളിപ്പ് രാത്രി 12.30.
∙ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം : കലാപരിപാടികൾ എം.പി.വിനോദ് 5.00, നാഗസ്വര കച്ചേരി നാഗസ്വരം തിരുവണ്ണാർമലൈ പി.ബാലഗണേശൻ, ബി.ഭാഗേശ്വരി, തകിൽഎം.ആനന്ദബാബു കൽപ്പാക്കം, എസ്.പുരുഷോത്തമൻ തിരുവണ്ണാമലൈ 6.00, ഭജൻ ശ്രീകൃഷ്ണ ഭജനാമൃതം, തൃശൂർ 8.00, ഉപനിഷദ് പ്രഭാഷണം പ്രശ്നോപനിഷത്ത്, ഡോ.എ.മുത്തുലക്ഷ്മി 9.00, നൃത്തം നൃത്താഞ്ജലി ഭരതനാട്യ സംഘം പയ്യന്നൂർ 10.00, ശാസ്ത്രീയ നൃത്തം ഗുരുവായൂർ കലാക്ഷേത്രം 11.00, നൃത്തം സന്ധ്യ രാജൻ, നൃത്തക്ഷേത്രം എറണാകുളം 12.00, വിവിധ കലാപരിപാടികൾ ജിയുപി സ്കൂൾ ഗുരുവായൂർ 12.30, ഗനൃത്തം നൃത്താഞ്ജലി കലാക്ഷേത്ര ഗുരുവായൂർ 2.00, ഭരതനാട്യം അപർണ ശർമ തിരുവനന്തപുരം 2.15, കഥാപ്രസംഗം പ്രഫ. വസന്തകുമാർ സാംബശിവൻ കഥ: കർണൻ 3.00, രാധേ ശ്യാം പാദം സ്കൂൾ ഓഫ് കുച്ചുപ്പുടി, പെരുമ്പാവൂർ 8.30.
∙വൈകുണ്ഠം വേദി: കണ്യാർ കളി 5.00.
∙ വൈഷ്ണവം വേദി: സിത്താർ കച്ചേരി ഡോ. വിനായക് ശർമ, ജയ്പുർ, തബല: രത്നശ്രീ അയ്യർ 6.30.
∙വൃന്ദാവനം വേദി: കൈകൊട്ടിക്കളി രാവിലെ 5.00 മുതൽ.