പഴയ സാധനങ്ങൾക്കൊപ്പം വിറ്റത് 8 പവന്റെ രണ്ട് മാലകൾ; അബ്ദുല്ലക്കുട്ടിക്ക് കിട്ടി, ഗോപാലകൃഷ്ണന് തിരിച്ചുകൊടുത്തു

Mail This Article
വടക്കാഞ്ചേരി ∙ ഓട്ടുപാറ ടിബി റോഡിൽ ആക്രിക്കച്ചവടം നടത്തുന്ന പട്ടാമ്പി കാരക്കാട്പറമ്പിൽ അബ്ദുല്ലക്കുട്ടിയുടെ സത്യസന്ധതയിൽ വിമുക്ത ഭടൻ വടക്കാഞ്ചേരി ചാലിപ്പാടം റോഡ് ‘കൃഷ്ണകൃപ’യിൽ കെ.ഗോപാലകൃഷ്ണനു തിരിച്ചു കിട്ടിയത് 8 പവന്റെ 2 മാലകൾ. വീട് വൃത്തിയാക്കാനായി വീട്ടിലെ പഴയ സാധനങ്ങൾ കഴിഞ്ഞ ദിവസം അബ്ദുല്ലക്കുട്ടിയുടെ കടയിൽ വിറ്റിരുന്നു. തൊട്ടടുത്ത ദിവസമാണു ചെപ്പിൽ സൂക്ഷിച്ചിരുന്ന 8 പവൻ തൂക്കം വരുന്ന 2 മാലകൾ കാണാനില്ലെന്നു ഗോപാലകൃഷ്ണന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ഗോപാലകൃഷ്ണനും ഭാര്യയും കൂടി വീടു മുഴുവൻ അരിച്ചു പെറുക്കി തിരഞ്ഞെങ്കിലും മാലകൾ കണ്ടുകിട്ടിയില്ല.
വീട്ടിലെ പഴയ സാധനങ്ങൾ കഴിഞ്ഞ ദിവസം ഒഴിവാക്കിയതിൽ സ്വർണമാലകളും ഉൾപ്പെട്ടോ എന്ന സംശയത്തിൽ കടയിലേക്കു വിളിച്ച് അന്വേഷിച്ചപ്പോൾ തിരഞ്ഞു നോക്കിയിട്ടു പറയാം എന്ന് അബ്ദുല്ലക്കുട്ടി മറുപടി നൽകി. ആ തിരച്ചിലിൽ ചെപ്പിൽ സൂക്ഷിച്ച നിലയിൽ 2 മാലകളും കണ്ടെത്തുകയും ഗോപാലകൃഷ്ണനെ കടയിലേക്കു വിളിപ്പിച്ച് തിരികെ നൽകുകയുമായിരുന്നു. മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.വി.ഫ്രാൻസിസിന്റെയും സമീപത്തെ മറ്റു വ്യാപാരികളുടെയും സാന്നിധ്യത്തിലാണ് അബ്ദുല്ലക്കുട്ടി മാലകൾ ഗോപാലകൃഷ്ണനു കൈമാറിയത്.