ആവേശ ‘ജീവ’നായി കുംഭനിലാവ്

Mail This Article
ചാവക്കാട്∙കുംഭമാസ നിലാവ് പോലെ കുമാരിമാരുടെ ഹൃദയം. തെളിയുന്നതെപ്പോഴെന്നറിയില്ല ഇരുളുന്നതെപ്പോഴെന്നറിയില്ല ...എന്ന് തുടങ്ങുന്ന സിനിമ പാട്ടിന്റെ വരികൾ പോലെ ബ്ലാങ്ങാട് കടപ്പുറത്ത് കുംഭ നിലാവ് ആസ്വദിച്ച് ഗുരുവായൂർ ജീവ കൂട്ടായ്മ. തെളിഞ്ഞും മറഞ്ഞും പൂർണ ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ പാട്ടുപാടിയും സന്തോഷം പങ്കുവച്ചും തീരത്ത് കടലോളം ആവേശം തീർത്ത് ജീവ പ്രവർത്തകർ.
സ്ത്രീകളും കുട്ടികളും കുംഭ നിലാവ് കാണാൻ തീരത്തെത്തി. കുംഭ മാസം അവസാനിക്കുന്ന ഇന്നലെ രാത്രിയിലാണ് ജീവ അംഗങ്ങളും പരിസ്ഥിതി പ്രവർത്തകരും ഒത്തുകൂടിയത്. ഏറ്റവും കൂടുതൽ നിലാവും സമ്പൂർണ വൃത്താകൃതിയിലെ ചന്ദ്രനുമാണ് കുംഭ നിലാവിന്റെ പ്രത്യേകത. പഴയ കാലത്ത് കർഷകർ ചേന തുടങ്ങിയ കാർഷിക വിളകൾ കൃഷി ചെയ്യാൻ ഇൗ സമയം തെരഞ്ഞെടുത്തിരുന്നു.
ഇൗ സമയത്ത് ചേന നട്ടാൽ പൂർണ ചന്ദ്രനോളം വലുപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. ഡോ.പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.സുലോചന അധ്യക്ഷത വഹിച്ചു. രവി ചങ്കത്ത്, പി.ഐ.സൈമൺ, വി.പി.മൻസൂർ അലി, പി.എ.പീതാംബരൻ, കെ.യു.കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.