നിരോധന വല ഉപയോഗിച്ച് മീൻ പിടിച്ചവരെ പിടികൂടി

Mail This Article
കൊടുങ്ങല്ലൂർ ∙ നിരോധിത വല ഉപയോഗിച്ചു കടലിൽ തീരത്തോടു ചേർന്നു ചെറുമീനുകളെ പിടിച്ച മീൻപിടിത്ത ട്രോളർ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. എറണാകുളം മുനമ്പം പള്ളിപ്പുറം ജനതാ ബീച്ച് സ്വദേശി ശെൽവരാജിന്റെ ഉടമസ്ഥതയിലുളള കരിഷ്മ ബോട്ട് ആണ് പിടികൂടിയത്.
2.5 ലക്ഷം രൂപ പിഴയും ബോട്ടിൽ ഉണ്ടായിരുന മീനുകൾ ലേലം ചെയ്തു ലഭിച്ച 3,23,250 രൂപയും ഉൾപ്പെടെ 5,73,250 രൂപ സർക്കാരിലേക്ക് ഇൗടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമയുടെയും കോസ്റ്റൽ എസ്ഐ പി.പി.ബാബുവിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.
നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻ രാജ്, എഫ്ഒ സഹന ഡോൺ, മെക്കാനിക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽ കുമാർ, കോസ്റ്റൽ എസ്ഐ കെ.അജയ്, സീറെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, സ്രാങ്ക് ദേവസ്യ, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നു.
കർണാകടയിലെ സൗന്ദര്യ വർധക വസ്തുക്കൾ നിർമിക്കുന്ന കമ്പനികളിലേക്കും ടൂത്ത് പേസ്റ്റ് നിർമാണ ശാലകളിലേക്കും കുഞ്ഞൻ മീനുകളെ വ്യാപകമായ തോതിൽ മുനമ്പം ഹാർബറിൽ നിന്നു കയറ്റി അയയ്ക്കുന്നുണ്ട്. മുനമ്പം ഹാർബറിൽ കുഞ്ഞൻ മീനുകൾ വാങ്ങി കമ്പനികൾക്ക് നൽകുന്നതിനു കമ്മിഷൻ ഏജന്റുമാർ ഏറെയുണ്ട്. അശാസ്ത്രീയ മത്സ്യബന്ധന രീതി തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ അറിയിച്ചു.