നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഡോക്ടർ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

Mail This Article
കൊടുങ്ങല്ലൂർ ∙ ഡോക്ടർ ദമ്പതികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് ഭർത്താവ് മരിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ ത്രിത്വം അപാർട്മെന്റിൽ താമസിക്കുന്ന കൊല്ലം കടപ്പാക്കട അൽസാറ നിവാസിൽ ഡോ.പീറ്റർ അൽഫോൻസോ നെറ്റോ (57)ആണ് മരിച്ചത്. ഭാര്യ ഡോ.ബീനയ്ക്ക് (56) പരുക്കേറ്റു. ദേശീയപാതയിൽ ശ്രീനാരായണപുരം പൂവത്തുംകടവ് സഹകരണ ബാങ്കിനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. മംഗളൂരുവിലുള്ള ഫ്ലാറ്റിൽ പോയി മടങ്ങുകയായിരുന്നു. തിരൂർ വരെ ഭാര്യ ബീനയാണ് കാർ ഓടിച്ചത്. ബീനയ്ക്ക് ഉറക്കം വന്നതോടെ പീറ്റർ കാർ എടുക്കുകയായിരുന്നു.
അപകടം നടന്നയുടൻ ലോറിയുടെ ഡ്രൈവറും നാട്ടുകാരും ചേർന്നു ഇരുവരെയും കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്കേറ്റ പീറ്ററിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ബീനയുടെ കഴുത്തിലെ എല്ല് ഒടിഞ്ഞു. ഇവരെ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി. ദീർഘകാലം പീറ്റർ നെറ്റോയും ഭാര്യയും യുഎഇ ഫുജൈറയിൽ ആയിരുന്നു. മൂന്നു വർഷത്തിലേറെയായി കൊച്ചിയിലാണ് താമസം. മൃതദേഹം ഇന്ന് നാലിന് കൊല്ലത്തെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 11 ന് കൊല്ലം ഭാരതരാജ്ഞി പള്ളിയിൽ. മക്കൾ:ഡോ.ജെനി (ബെംഗളൂരു), ഡോ.സൂസൻ(ചെന്നൈ)