ഗുരുവായൂർ ക്ഷേത്രനടയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങി

Mail This Article
ഗുരുവായൂർ ∙ക്ഷേത്രനടയിലെ വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ദേവസ്വം നടപടി തുടങ്ങി. ക്ഷേത്ര നടപ്പുരയിലും ദേവസ്വം റോഡിലുമുള്ള സ്ഥാപനങ്ങൾ റോഡിലേക്ക് ഇറക്കിക്കെട്ടി കച്ചവടം ചെയ്യുന്നതിനെതിരെ ഗുരുവായൂർ സ്വദേശി മുരളീധരൻ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി പൊലീസും നഗരസഭയും ദേവസ്വവുമായി സഹകരിക്കണമെന്നു നിർദേശിച്ചു.
ഇന്നലെ രാവിലെ എട്ടിനകം കയ്യേറ്റം പൊളിച്ചു നീക്കണമെന്ന് വ്യാപാരികൾക്ക് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, രാവിലെ കിഴക്കേ നടപ്പുരയിൽ ദേവസ്വം പൊളിച്ചു നീക്കൽ നടപടി തുടങ്ങി.വൈകിട്ട് പൂർത്തിയാക്കി. പൊളിച്ചു മാറ്റിയതോടെ നടപ്പുരയുടെ മുഖഛായ മാറി. വൻ തോതിൽ കയ്യേറ്റം നടന്നിരുന്നുവെന്ന് വ്യക്തമായി. അടുത്ത ദിവസവും നടപടികൾ തുടരും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തഹസിൽദാർ ടി.കെ.ഷാജി, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ.അശോക്‌കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ എസ്.സുബ്രഹ്മണി എന്നിവർ നേതൃത്വം നൽകി.