സർവീസ് ആനുകൂല്യങ്ങളുടെ വിവരം തേടി റിട്ട. അധ്യാപകൻ അലഞ്ഞത് 3 വർഷം; ഒടുവിൽ നടപടി

Mail This Article
തൃശൂർ ∙ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി വിരമിച്ച പ്രധാനാധ്യാപകൻ തന്റെ സർവീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്നു വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോൾ മൂന്നാഴ്ചയ്ക്കകം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്.
അഞ്ചേരി ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.ജെ.കുര്യനാണ് തന്റെ ഫിക്സേഷനിൽ സംഭവിച്ച തെറ്റ് തിരുത്താൻ ആവശ്യമായ രേഖകൾ ലഭിക്കാതെ സ്കൂളിലും ഡിഇഒയിലും ഡിഡിഇയിലും എജീസ് ഓഫിസിലുമായി മൂന്നു വർഷം കയറിയിറങ്ങിയത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം ചാലക്കുടിയിൽ നടത്തിയ ഹിയറിങ്ങിൽ വകുപ്പിലെ ജീവനക്കാരൻ ബോധപൂർവം തന്റെ സർവീസ് ബുക്കിൽ തെറ്റായ രേഖപ്പെടുത്തൽ നടത്തിയതാണെന്ന് കുര്യൻ പരാതിപ്പെട്ടു. ഇതോടെ തൃശൂർ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാർക്ക് ഉത്തരംമുട്ടി. തങ്ങളെ ശിക്ഷിക്കരുതെന്നും മൂന്നാഴ്ചയ്ക്കകം തെറ്റുകൾ തിരുത്തി വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്നും അവർ അറിയിച്ചത് കമ്മിഷൻ അംഗീകരിച്ച് ഉത്തരവായി.
കോടതികളിലെ എല്ലാ വിവരാവകാശ അപേക്ഷകളും ചട്ടം 12 പ്രകാരം തള്ളാൻ പറ്റില്ലെന്നും ജുഡീഷ്യൽ നടപടിക്രമങ്ങൾ ഒഴികെ എല്ലാ വിവരങ്ങളും നൽകണമെന്നും കമ്മിഷണർ നിർദേശിച്ചു. ചട്ടം 12 പറഞ്ഞ് നിരന്തരം വിവരങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന വടക്കാൻചേരി മുൻസിഫ് കോടതിയിലെ വിരമിച്ച ഉദ്യോഗസ്ഥൻ അജിത് കുമാറിനെ വിവരാവകാശനിയമം ചട്ടം 20 (1) പ്രകാരം ശിക്ഷിക്കാൻ തീരുമാനിച്ചു. ഹിയറിങ്ങിന് വിളിച്ചിട്ടും ഹാജരാകാതിരുന്ന കാർഷിക സർവകലാശാലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സമൻസയച്ച് വരുത്തും. അവർ മേയ് 7ന് രാവിലെ 11.30ന് തിരുവനന്തപുരത്ത് കമ്മിഷണറുടെ ചേംബറിൽ ഹാജരാകണം. ആകെ പരിഗണിച്ച 15 കേസുകളിൽ 14 എണ്ണം തീർപ്പാക്കി.