‘ഹൃദ്യം’ ഈ നാദം; കുറുംകുഴൽ വായിച്ച് രണ്ടാം വർഷവും പൂരത്തിൽ പങ്കാളിയാവാൻ ഹൃദ്യ

Mail This Article
മേളത്തിൽ ഹൃദ്യമായ ഒരു കുറുംകുഴൽ നാദം വേറിട്ടു കേൾക്കും. അത് ഹൃദ്യയുടേതാണ്. സെന്റ് തോമസ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ഹൃദ്യ പൂരം നാളിൽ കാരമുക്ക് ഭഗവതി ക്ഷേത്രത്തിന്റെ രാവിലത്തെ എഴുന്നള്ളിപ്പ് മേളത്തിന് എത്തും. അച്ഛനൊപ്പം കുറുംകുഴൽ നിരയിൽ നിൽക്കും.
കഴിഞ്ഞ വർഷം പനമുക്കുംപിള്ളി ക്ഷേത്രത്തിന്റെ എഴുന്നള്ളിപ്പിൽ നിരന്ന ഇരുവരും ഇക്കുറി കാരമുക്കിനു വേണ്ടിയാണ് കുറുംകുഴൽ വായിക്കുന്നത്. നെല്ലങ്കരയിൽ കടയും വർക്‌ഷോപ് നടത്തുന്ന താണിക്കുടം അക്കരപ്പുറം കോഴിപ്പറമ്പിൽ സുധീഷിന്റെയും മൂത്തേരിവളപ്പിൽ സിന്ധുവിന്റെയും മകളാണ് ഹൃദ്യ. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസം വഴി എംബിഎ ചെയ്യുന്ന ഹൃദ്യയ്ക്ക് പഠനത്തിന്റെ തിരക്കുണ്ടെങ്കിലും പൂരം വിട്ടൊരു കളിയില്ല.
അച്ഛൻ കുറുംകുഴൽ വായിക്കുന്നതു കണ്ടപ്പോൾ ചുമ്മാ ഒരു കൗതുകത്തിനാണ് ഹൃദ്യയും വായിച്ചുനോക്കിയത്. ആദ്യം ശബ്ദം വന്നില്ല. പക്ഷേ അങ്ങനെയങ്ങ് വിടാൻ മനസ്സ് വന്നില്ല. ആ പരിശ്രമം വെറുതേയായില്ല. അജി പട്ടിക്കാടിന്റെ കീഴിലാണ് പരിശീലിച്ചത്. ചാവക്കാട് മണത്തല പൂരത്തിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ മേളത്തിന് കുറുംകുഴൽ വായിച്ചു. മച്ചാട് സ്ത്രീകളുടെ മേളത്തിലും ഗുരുവായൂർ ആൽത്തറ മേളത്തിലും ഹൃദ്യ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് തൃശൂർ പൂരത്തിന്റെ ഭാഗമായത്. ഇന്നലെ ‘പെൺ പൂരം’ സ്റ്റാൾ ഉദ്ഘാടനം ചെയ്യാൻ ഈസ്റ്റേൺ ഹൃദ്യയെ ക്ഷണിച്ചതും പൂരത്തിന്റെ മേളങ്ങളിലെ അപൂർവ സ്ത്രീ സാന്നിധ്യം എന്ന നിലയ്ക്കാണ്.