ADVERTISEMENT

തൃശൂർ ∙ പൂരദിനത്തിൽ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ രാത്രി എഴുന്നള്ളിപ്പുകൾക്കു തടസ്സങ്ങളുണ്ടാകില്ലെന്നും രാത്രി കാണികളെ പൂരനഗരിയിൽ ബാരിക്കേഡ് സ്ഥാപിച്ചു നിയന്ത്രിക്കില്ലെന്നും മന്ത്രി കെ.രാജൻ. തൃശൂർ പൂരം ഒരുക്കങ്ങളുടെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 6ന് രാത്രി സ്വരാജ് റൗണ്ടിൽ ജനങ്ങളെ നിയന്ത്രിക്കില്ല. തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് ആരംഭിക്കുന്നതിനു മുൻപു മാത്രം കാണികളെ സ്വരാജ് റൗണ്ടിൽ നിശ്ചിത അകലത്തേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ സാംപിൾ വെടിക്കെട്ടിനും ഇതേ രീതി സ്വീകരിക്കും. റൗണ്ടിൽ പാറമേക്കാവ് പത്തായപ്പുര കെട്ടിടം മുതൽ നടുവിലാൽ പരിസരം വരെ കാണികൾക്കു നിൽക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പൂരത്തിൽ തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പു തടഞ്ഞും സ്വരാജ് റൗണ്ടിന്റെ പല ഭാഗങ്ങളും ബാരിക്കേഡ് കെട്ടിയടച്ചുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നാണ് ഇത്തവണ പുതിയ ക്രമീകരണം. കഴിഞ്ഞ തവണ രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടൊപ്പം പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് തർക്കങ്ങൾക്കൊടുവിൽ പകലാണ് നടന്നതും. ഇതെല്ലാം ഒഴിവാക്കാനാണ് വെടിക്കെട്ട് ആരംഭിക്കുന്നതിനു മുൻപു മാത്രം കാണികൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

പൂരം പ്രദർശനത്തിനു 6ന് രാത്രി 12 വരെ അനുമതി നൽകുമെന്നും മന്ത്രി രാജൻ പറഞ്ഞു. പൂര നഗരിയിലെ എല്ലാ പ്രധാന പോയിന്റിലും പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി ആർ.ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എഡിഎം ടി.മുരളി, സബ് കലക്ടർ അഖിൽ വി.മേനോൻ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.

മതവും പാർട്ടിയുമില്ല
ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ പ്രചാരണ വേദിയാക്കി മാറ്റാൻ പൂരനഗരിയെ അനുവദിക്കില്ലെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മതങ്ങളുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഫ്ലെക്സ്, ലഘുലേഖ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കില്ല. പൂരം നടക്കുന്ന വേദികളിലെല്ലാം ഇത്തരത്തിൽ പ്രചാരണ വിലക്കുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. രാഷ്ട്രീയ ചിഹ്നങ്ങൾ, കൊടികൾ, മുദ്രാവാക്യങ്ങൾ തുടങ്ങിയവ പൂരത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.

ഗതാഗത സൗകര്യം
ദേശീയപാതയിൽ അടിപ്പാതകളുടെ നിർമാണത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൂരദിനമായ മേയ് 6ന് നിർമാണജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. ഇതോടൊപ്പം സ്വകാര്യ ബസ് ഉടമകളോടും കൂടുതൽ സർവീസുകൾ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ റോഡുകൾ കോർപറേഷൻ സഞ്ചാരയോഗ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ ക്രമീകരണം
ഇത്തവണ 18 ലക്ഷം പേർ തൃശൂർ പൂരത്തിനെത്തുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇതിനനുസരിച്ച് വനിതകൾ ഉൾപ്പെടെ 4000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. ദുരന്ത നിവാരണ സേനാംഗങ്ങൾ, അഗ്നിരക്ഷാ സേന എന്നിവയും നഗരത്തിലുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ നോട്ടിസ് പതിപ്പിച്ച ആംബുലൻസുകളെ മാത്രമേ പൂരനഗരിയിലേക്ക് കടത്തിവിടൂ.

കുടിവെള്ളം, ശുചിത്വം
നഗരത്തിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം തേക്കിൻകാട് മൈതാനത്ത് അടക്കം അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കാനും ആരംഭിച്ചു. നഗരത്തിലെത്തുന്നവർക്കു കുടിവെള്ള സൗകര്യവും കോർപറേഷൻ ഒരുക്കും. ശുചിത്വ മിഷനും കോർപറേഷനും ചേർന്നു പൂരത്തിനു മുൻപും ശേഷവും നഗരത്തിലെ ശുചീകരണം നിർവഹിക്കും.

ആന പരിശോധന
പൂരത്തിന്റെ ഭാഗമാകുന്ന ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന സംഘവും വെറ്ററിനറി സർജന്മാരുടെ സംഘവും തയാറാണ്. ആനകൾക്കുള്ള തീറ്റ, വെള്ളം എന്നിവയും ചൂട് വർധിക്കുന്നതിനനുസരിച്ച് ചാക്ക് നനച്ചുള്ള ക്രമീകരണവും ഒരുക്കും.

ടൂറിസ്റ്റ് പവിലിയൻ
കുടമാറ്റം കാണാൻ തെക്കേഗോപുരനടയിൽ ഇത്തവണയും വിനോദ സഞ്ചാരികൾക്കു പ്രത്യേക പവിലിയൻ ഒരുക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ (ഡിടിപിസി) റജിസ്റ്റർ ചെയ്യുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ സൗകര്യം. 6ന് ഉച്ചയ്ക്ക് 12 വരെ ഡിടിപിസി ഓഫിസിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി റജിസ്റ്റർ ചെയ്യുന്ന സഞ്ചാരികൾക്കു കുടമാറ്റം കാണാൻ സൗകര്യമൊരുക്കും.

English Summary:

Thrissur Pooram night processions will proceed without restrictions. Minister K. Rajan confirmed that there will be no barricades in Pooram Nagar, ensuring a free viewing experience for all attendees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com