ആനകളേ... ആഹ്ലാദിപ്പിൻ, ആനച്ചൂരുകാരെത്തി

Mail This Article
ആറാം വർഷവും മുടക്കമില്ലാതെ നഗരത്തിൽ ‘ആനച്ചൂര്’ എത്തി. പൂരത്തിനു പങ്കെടുക്കുന്ന ആനകൾക്കായി 10 ടണ്ണോളം തീറ്റപ്പുല്ലുമായാണ് വരവ്. ആനകളുടെയും പാപ്പാന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വാട്സാപ് കൂട്ടായ്മയാണ് ‘ആനച്ചൂര്’. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിൽപരം ഫോളോവേഴ്സും ഉണ്ട്. പാലക്കാട് കണ്ണമ്പ്ര മണപ്പാടം, താളിക്കുളം ഭാഗത്തു നിന്ന് രണ്ടു ലോറികളിലായി എത്തിക്കുന്ന പുല്ല് തൃശൂർ സിഎംഎസ് സ്കൂളിലും പാറമേക്കാവ് അഗ്രശാല ഹാൾ പരിസരത്തുമായി ഇറക്കി. 7 വർഷം മുൻപ് വിവിധ ആന ഗ്രൂപ്പുകളിൽ നിന്ന് പരിചയപ്പെട്ട സമാന ചിന്താഗതിക്കാർ ചേർന്നാണ് ആനച്ചൂര് കൂട്ടായ്മ ഉണ്ടാക്കിയത്.
ആനകളുടെ സചിത്ര കലണ്ടർ പുറത്തിറക്കിയാണ് പ്രധാനമായും കൂട്ടായ്മ ക്ഷേമപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. അവശരായ പാപ്പാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങളും അവശ്യസാധനങ്ങളുടെ കിറ്റും കുടുംബത്തിനു മരണാനന്തര സഹായവും കൂട്ടായ്മ നൽകുന്നുണ്ട്. ഒപ്പം ആദ്യകാല പാപ്പാന്മാരെ ആദരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർഷവും പലയിടങ്ങളിലായി ആനയൂട്ടും സംഘടിപ്പിച്ചു വരുന്നുണ്ട്.