കണ്ണെത്തും ദൂരത്ത് കരിയഴകിൽ കൊമ്പൻമാർ

Mail This Article
തൃശൂർ ∙ ഒരു നോക്കു കാണാൻ കാത്തുനിന്ന ജനക്കൂട്ടത്തിനു നടുവിലൂടെ ചെവിയാട്ടി, ചങ്ങല കിലുക്കി ഗജവീരന്മാർ. കഴുത്തിൽ പേര് പതിച്ച കൂറ്റൻ ആഭരണമാല, മറ്റു തൊങ്ങലുകൾ. നെറ്റിയിലും ചെവിയിലും സുന്ദരമായ കുറികൾ. സമീപം തോട്ടിയും മറ്റുമായി പാപ്പാന്മാരും. ഫോട്ടോയും സെൽഫിയും പകർത്തുന്നതിനൊപ്പം ജനം പറഞ്ഞു: ‘‘എന്താ വലുപ്പം, കൊമ്പഴക്. ഇതല്ലേ ആനച്ചന്തം’’!. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കായി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധനയും തുടർന്നുള്ള ആന പ്രദർശനവും ജനക്കൂട്ടം നിറഞ്ഞതായിരുന്നു.

പാറമേക്കാവ് വിഭാഗം ആനകളുടെ ഫിറ്റ്നസ് പരിശോധന ക്ഷേത്രം അഗ്രശാലയ്ക്കു സമീപത്തെ പന്തലിലും തിരുവമ്പാടിയുടേത് തേക്കിൻകാട് മൈതാനത്ത് സിഎംഎസ് സ്കൂളിന് എതിർവശത്തും ആയിരുന്നു. അഗ്രശാലയ്ക്കു സമീപം പാറമേക്കാവ് വിഭാഗത്തിന്റെ ആനകളുടെ പരിശോധന ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് ആരംഭിച്ചത്. പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, പാറന്നൂർ നന്ദൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മീനാട് കേശു, ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ അടക്കമുള്ള ആനകൾ ജനത്തിന്റെ നടുവിലൂടെ പരിശോധനയ്ക്കെത്തി. ഫാൻ ഘടിപ്പിച്ച പന്തിലായിരുന്നു പരിശോധന. മൂന്നാനകൾ വീതമാണ് പന്തിലെത്തിയത്.
ജനക്കൂട്ടത്തിന്റെ ‘ദേ..നന്ദൻ’ എന്ന ആമുഖത്തോടെയാണ് തെക്കോട്ടിറക്കത്തിൽ പാറമേക്കാവിനായി തിടമ്പേറ്റുന്ന ഗുരുവായൂർ നന്ദൻ എത്തിയത്. ആകെ 44 ആനകളുടെ പരിശോധന പാറമേക്കാവിൽ നടന്നു. നാലരയോടെ സിഎംഎസിനു മുന്നിൽ തേക്കിൻകാട് മൈതാനത്തു തിരുവമ്പാടി വിഭാഗം ആനകളുടെ പരിശോധനയും തുടങ്ങി. തിരുവമ്പാടി ചന്ദ്രശേഖരൻ, കുട്ടൻകുളങ്ങര അർജുനൻ, ഗുരുവായൂർ രാജശേഖരൻ, ഗുരുവായൂർ ഗോകുൽ, പുതുപ്പള്ളി സാധു, ഊട്ടോളി രാമൻ തുടങ്ങിയ ആനകൾ വീര്യത്തോടെ മൈതാനത്തേക്ക് നടന്നെത്തി. പരിശോധനകൾക്കായി ഇവിടെ പ്രത്യേക പ്ലാറ്റ്ഫോം തയാറാക്കിയിരുന്നു.