മോഷ്ടിച്ച സ്കൂട്ടറുമായി 2 പേർ അറസ്റ്റിൽ

Mail This Article
ചാലക്കുടി ∙ മോഷ്ടിച്ച സ്കൂട്ടറുമായി 3 പേർ പിടിയിൽ. ഇതിൽ 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റൊരാൾക്കു പ്രായപൂർത്തിയായിട്ടില്ല. കണ്ടശാംകടവ് സ്വദേശികളായ കുറുപ്പം നഫീൽ (19), കോരത്ത് അഭയ് (19), 15 വയസ്സുകാരൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.30നു ദേശീയപാതയിലെ മേൽപാലത്തിനു താഴെയുള്ള സർവീസ് റോഡിൽ വച്ചാണു മോഷ്ടിച്ച സ്കൂട്ടറുമായി മൂവരും പൊലീസിന്റെ പിടിയിലായത്.
രാത്രികാല പട്രോളിങ്ങിനിടെ ഒരു സ്കൂട്ടറിൽ 3 പേർ യാത്ര ചെയ്യുന്നതു കണ്ടു പൊലീസ് കൈ കാണിച്ചു നിർത്തി ചോദ്യം ചെയ്തപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടയച്ചു. നഫീൽ, അഭയ് എന്നിവരെ വിശദമായി ചോദ്യം ചെയ്തതോടെ സ്കൂട്ടർ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയൽ നിന്നു മോഷ്ടിച്ചതാണെന്നു സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ജെയ്സൺ ജോസഫ്, എഎസ്ഐ ജിബി ബാലൻ, സിപിഒ സജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.