ADVERTISEMENT

തൃശൂർ ∙ പഠിക്കുമ്പോഴും അവധിക്കാലത്തും ജീപ്പിൽ ക്ലീനറായി കറങ്ങി നടന്നവൻ. ടീച്ചർക്കു നൽകിയ വാക്ക് പാലിക്കും മുൻപേ, ഏലപ്പാറ ബോണാമി കാവക്കുളം പുതുവലിലെ ഏലം കർഷകനായ അച്ഛൻ പാണ്ഡ്യന്റെയും അങ്കണവാടി വർക്കറായ അമ്മ ഉഷാകുമാരിയുടെയും അധ്വാനം കണ്ട് ‘ജീവിതവിജയം’ ശീലിച്ചവൻ. സംശയിക്കണ്ട, ആ കുട്ടിയാണ് ഇന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ വളയം പിടിക്കുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്!  

ലക്ഷ്യം ‘നാലുചക്രം’ 
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കണം. അതിനു പണം ഉണ്ടാക്കണം. അതായിരുന്നു ആദ്യ ലക്ഷ്യം. അതിനു പഠനകാലത്തും അവധിക്കാലത്തുമെല്ലാം ജീപ്പിൽ ക്ലീനറായി. മുതിർന്നപ്പോൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി ഡ്രൈവർ കുപ്പായവുമിട്ടു. പഠനത്തിൽ മിടുക്കനായ പയ്യൻ ജീപ്പും ഓടിച്ച് നാട്ടിൽ തന്നെ വട്ടം കറങ്ങി നടക്കുമോ എന്ന് രക്ഷിതാക്കളോട് ആശങ്കപ്പെട്ടവരുണ്ട്. ആശങ്കകൾക്കെല്ലാം നല്ല മാർക്കോടെ മറുപടി കൊടുത്തു. പഠിപ്പു പൂർത്തിയാക്കിയ ഉടൻ ജോലിയും സമ്പാദിച്ചു. രണ്ടാമത്തെ ഊഴത്തിൽ ഐഎഎസും നേടി. ഇതിനിടെ, പണ്ട് തേയിലയുമായി ചുരമിറങ്ങിയ ലോറിയിലെ ക്ലീനറായിരുന്ന കാലത്ത് സ്വപ്നം കണ്ട ഹെവി ലൈസൻസ് എന്ന മോഹം വീണ്ടും മനസ്സിന്റെ ചുരംകയറിയെത്തി. ഒടുവിൽ ആ വളയവും കലക്ടർ കൈപ്പിടിയിലൊതുക്കി.

അർജുൻ പാണ്ഡ്യൻ ഐഎഎസ്. (File Photo: Aravind Venugopal / Manorama)
അർജുൻ പാണ്ഡ്യൻ ഐഎഎസ്. (File Photo: Aravind Venugopal / Manorama)

ക്ലീനർ ടു സിവിൽ സേർവന്റ് 
തേയിലച്ചാക്കുകൾ ഫാക്ടറികളിൽ എത്തിക്കുന്ന മിനി ലോറികളിൽ ക്ലീനർ ആയി പോകുന്ന കാലം. ലോഡ് ഇറക്കി അതേ ലോറിയിൽ മടങ്ങും. വലിയ വാഹനങ്ങൾ ഓടിച്ചു വശമാകുന്നതിനിടയിൽ അതു പാതിയിൽ നിലച്ചു. പിന്നെ തിരക്കുകളുടെ കാലമായിരുന്നു. കുട്ടിക്കാനം സെന്റ് പയസ് സ്കൂൾ, പീരുമേട് മരിയഗിരി സ്കൂൾ, ഗവ. എച്ച്എസ്എസ് കിളിമാനൂർ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ടികെഎം കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പഠനം.

കൊച്ചി ടിസിഎസിൽ സിസ്റ്റംസ് എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിവിൽ സർവീസ് മോഹം ഉദിക്കുന്നത്. 2014ൽ ജോലി രാജിവച്ച് തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. രണ്ടുവർഷത്തെ കഠിനപ്രയത്‌നത്തിന്റെ നാളുകൾ. ജ്യോഗ്രഫിയായിരുന്നു ഐച്ഛികവിഷയം. ആദ്യ ശ്രമത്തിൽ പ്രിലിമിനറി ജയിച്ചെങ്കിലും ജ്യോഗ്രഫിക്കു മാർക്കു കുറഞ്ഞതുകൊണ്ട് അടുത്തഘട്ടത്തിൽ പരാജയപ്പെട്ടു. 2017ൽ, രണ്ടാം ശ്രമത്തിൽ 248–ാം റാങ്കുമായി ഐഎഎസ്. വിജയത്തിന്റെ രഹസ്യം ചോദിച്ചാൽ ഒരു ചെറുചിരിയോടെ കലക്ടറുടെ ഉത്തരം വരും: ‘നാലു പത്രങ്ങൾ വായിച്ചിരുന്നു. ഒന്നര മണിക്കൂർ പത്രവായനയ്ക്കായി മാത്രം ചെലവഴിച്ചു’. 

‘ഹെവി’ മോഹം
കണ്ണൂർ അസി. കലക്ടറായാണ് സർവീസിന്റെ തുടക്കം. പിന്നീട് ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടർ പദവികൾ വഹിച്ചു. മാനന്തവാടിയിൽ ജോലി ചെയ്യുമ്പോഴാണ് വീണ്ടും ഹെവി ലൈസൻസ് മോഹം കലക്ടറേറ്റ് പടികയറുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രിയദർശിനി ട്രാൻസ്പോർട്ടിന്റെ ബസുകൾ കോവിഡ് കാലത്ത് സർവീസ് ഇല്ലാതെ ഷെഡിൽ ഇട്ടിരിക്കുന്ന സമയമായിരുന്നു അത്. ഡ്രൈവറുടെ സഹായത്തോടെ പരിശീലനം തുടങ്ങി. സ്ഥലമാറ്റം ലഭിച്ച് ഇടുക്കിയിലും പിന്നീട് കലക്ടറായി തൃശൂരിലും എത്തിയപ്പോഴും മോഹത്തിന്റെ ‘ടച്ച്’ വിട്ടില്ല. ഞായറാഴ്ചകളിൽ പരിശീലനം. ശേഷം സാധാരണക്കാരനായി വരിനിന്ന് ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും പാസായി. ഒടുവിൽ, കൗമാരമോഹം ഹെവി ലൈസൻസ് ആയി കയ്യിലെത്തി.

പാഠമാണ്; പാഠപുസ്തകവും
ഒന്നും അസാധ്യമല്ല അർജുൻ പാണ്ഡ്യന് മുന്നിൽ. പ്രതിസന്ധികളോടും പരാധീനതകളോടും പൊരുതിയാണ് എല്ലാ വിജയങ്ങളും നേടിയത്. എസ്റ്റേറ്റ് മേഖലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച അർജുൻ പഠിച്ചതും വളർന്നതും തോട്ടം മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞാണ്. അവധി ദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നും കുട്ടികൾക്കു ട്യൂഷനെടുത്തും പഠിച്ചും പഠിപ്പിച്ചും അർജുൻ പാണ്ഡ്യൻ നടത്തിയ യാത്ര ഓരോ വിദ്യാർഥിക്കും പാഠമാണ്; തോൽക്കാൻ മനസ്സില്ലാത്തവർക്കുള്ള പാഠപുസ്തകവും.

English Summary:

Arjun Pandian IAS, Thrissur Collector, achieved his childhood dream of becoming a driver. His remarkable journey, from a jeep cleaner to a top civil servant, highlights the importance of perseverance and dedication.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com