പുതുക്കിയ നിരക്ക് സോഫ്റ്റ്‌വെയറിൽ ചേർത്തില്ല; മഴക്കാലപൂർവ ശുചീകരണത്തിന് തടസ്സം

Mail This Article
ചാലക്കുടി ∙ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് നിരക്ക് വർധിപ്പിക്കുകയും ഇതു സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രവൃത്തികളും നടത്താനാകാതെ തദ്ദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. ഏപ്രിൽ മാസം പുതിയ നിരക്ക് നിലവിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ എസ്റ്റിമേറ്റ് തയാറാക്കാൻ കഴിയൂ എന്നിരിക്കെ സോഫ്റ്റ്‌വെയർ ശരിയാകാത്തതിനാൽ, പ്രവൃത്തികൾക്കു സാങ്കേതിക അനുമതി നൽകാനോ ടെൻഡർ നടപടികൾ സ്വീകരിക്കാനോ കഴിയുന്നില്ല.
2021 ഡൽഹി ഷെഡ്യൂൾ ഓഫ് റൈറ്റ് സംസ്ഥാനത്തു നടപ്പാക്കാൻ ധനവകുപ്പ് ഉത്തരവായതിനെ തുടർന്നാണു നിരക്ക് വ്യത്യാസം വന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വന്നെങ്കിലും ഇതനുസരിച്ച് പ്രൈസ് സോഫ്റ്റ്‌വെയറിൽ മാറ്റം വന്നില്ല. ഈ സാമ്പത്തിക വർഷം തുടക്കത്തിൽ ആരംഭിക്കേണ്ട പല വർക്കുകളും പുതിയ നിരക്കിൽ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും ടെൻഡറും നടത്താനാകാതെ വന്നതോടെ അടിയന്തര പ്രാധാന്യമുള്ള നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പഴയ നിരക്കിൽ വർക്ക് ഏറ്റെടുക്കാൻ കരാറുകാരും തയാറല്ല.
ആരോഗ്യ വിഭാഗം നേരിട്ടു ശുചീകരണം തുടങ്ങി
മഴക്കാലത്തിനു മുൻപു തോടുകളും കാനകളും വൃത്തിയാക്കാനുള്ള 20 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയെങ്കിലും സാങ്കേതിക തടസ്സം കാരണം പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെ ചാലക്കുടിയിൽ നഗരസഭാധ്യക്ഷന്റെ മുൻകൂർ അനുമതിയോടെ ആരോഗ്യ വിഭാഗം നേരിട്ടു ശുചീകരണം ആരംഭിച്ചു. മഴക്കാലത്ത് ആദ്യം വീടുകളിൽ വെള്ളം കയറുന്ന കുട്ടാടംപാടം, ആര്യങ്കാല എന്നിവിടങ്ങളിലെ തോടുകളുടെ ശുചീകരണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൂർത്തിയായി വരുന്നു. നഗരസഭാ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പറയൻതോടിന്റെ ശുചീകരണം അടുത്ത ദിവസം ആരംഭിക്കും.