ആശുപത്രിയിൽനിന്ന് ആശുപത്രികളിലേക്ക്; പോസ്റ്റുമോർട്ടം ചെയ്തത് 44 മണിക്കൂറിനുശേഷം
Mail This Article
ചാവക്കാട്∙ആനയുടെ കുത്തേറ്റ് 15 ദിവസം ചികിത്സയിൽ കഴിഞ്ഞ് 3 ദിവസം മുൻപ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായത് 44 മണിക്കൂറിനുശേഷം. പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം ഉത്സവത്തിലേക്കു എഴുന്നള്ളിപ്പുമായി വന്ന ആന ഇടഞ്ഞു പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മുതുവട്ടൂരിലെ ഒാട്ടോ ഡ്രൈവർ പോക്കാക്കില്ലത്ത് വീട്ടിൽ നിസാമുദ്ദീന്റെ (നിസാം–40) പോസ്റ്റുമോർട്ടമാണ് വിവിധ കാരണങ്ങളാൽ വൈകിയയത്.
ഏപ്രിൽ 30ന് വൈകിട്ട് 5.10നാണ് നിസാമിന് പരുക്കേറ്റത്. തുടർന്ന് തൃശൂരിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴം വൈകിട്ട് മരിച്ചു. വെള്ളിയാഴ്ച കളമശേരി ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി. എന്നാൽ ഉച്ചയായിട്ടും പോസ്റ്റ്മോർട്ടം ചെയ്യാനായില്ല. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി. ഇവിടെ എത്തുമ്പോൾ 4 മണി കഴിഞ്ഞിരുന്നു. അതിനാൽ അന്ന് പോസ്റ്റുമോർട്ടം ചെയ്യാനായില്ല. ശനി രാവിലെ ഡോക്ടർ എത്തിയപ്പോൾ താലൂക്ക് ആശുപത്രിയിൽ ചെയ്യാനാകില്ലെന്നു പറഞ്ഞ് തൃശൂർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. തുടർന്ന് കൗൺസിലർ കെ.വി.സത്താറിന്റെ നേതൃത്വത്തിൽ അങ്ങോട്ടു കൊണ്ടുപോയി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ടാണ് വീട്ടിലെത്തിച്ചത്. മണത്തല ജുമുഅത്ത് പള്ളിയിൽ കബറടക്കി.
പോസ്റ്റുമോർട്ടം ചെയ്യാതിരുന്ന ചാവക്കാട് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നു നഗരസഭാ ചെയർപഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. എന്നാൽ മെഡിക്കോ ലീഗൽ കോഡ് പ്രകാരം ഇത്തരത്തിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടത്തേണ്ടത് മെഡിക്കൽ കോളജിലാണെന്നു ചാവക്കാട് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.