ഒടുവിൽ കരിച്ചാൽക്കടവ് പാലം യാഥാർഥ്യമാകുന്നു; നിർമാണജോലികൾ അവസാനഘട്ടത്തിൽ

Mail This Article
പെങ്ങാമുക്ക്∙ കാട്ടകാമ്പാൽ–വടക്കേക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാൽക്കടവ് പാലം പണി ഒടുവിൽ അവസാന ഘട്ടത്തിൽ. പാലം പണി പൂർത്തിയാകുന്നതോടെ നാട്ടുകാരുടെ പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമാകും.കരിച്ചാൽക്കടവ് പാലം കം ചെക്ക് ഡാം യാഥാർഥ്യമാകുന്നതോടെ ആയിരക്കണക്കിന് ഏക്കർ നെൽക്കൃഷിക്കും ഗുണമാകും.
നടപ്പാലം മാത്രമുണ്ടായിരുന്ന കരിച്ചാൽക്കടവിൽ 2005ലാണ് ആദ്യം പാലം പണിയാൻ പദ്ധതിയിട്ടത്. നിർമാണം തുടങ്ങിയെങ്കിലും പാതി വഴിയിൽ നിലച്ചു. പിന്നീട് 2018ൽ പാലം കം ചെക്ക് ഡാം നിർമിക്കാൻ സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഒന്നര വർഷമായിരുന്നു നിർമാണ കാലാവധിയെങ്കിലും 4 വർഷം കഴിഞ്ഞിട്ടും നിർമാണം പാതി പോലും പൂർത്തിയായില്ല. ഇതോടെ സർക്കാർ കരാർ റദ്ദാക്കി. പിന്നീട് പുതിയ കരാറുക്കാരനെ നിർമാണച്ചുമതല ഏൽപിക്കുകയായിരുന്നു. പാലത്തിന്റെ പ്രധാന സ്ലാബുകളുടെ നിർമാണം പൂർത്തിയായി.
തോടിന്റെ വശങ്ങൾ ബലപ്പെടുത്തുന്ന നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡ് നിർമാണം ഇനി പൂർത്തിയാക്കേണ്ടതുണ്ട്. പാലത്തിനടിയിൽ മണ്ണൊലിപ്പ് തടയാനായി വിരിക്കുന്ന ഗാബിയോൺ ബോക്സുകളുടെ നിർമാണവും പൂർത്തിയാക്കാനുണ്ട്. മഴക്കാലത്തിന് മുൻപ് ഇതു പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിർമാണ കമ്പനി. തോട്ടുവരമ്പിന്റെ വശങ്ങൾ കോൺക്രീറ്റ് ഭിത്തികൾ നിർമിച്ച് ബലപ്പെടുത്താനുള്ള ജോലികളും പുരോഗമിക്കുന്നുണ്ട്.
എ.സി.മൊയ്തീൻ എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനായി സ്ഥലം സന്ദർശിച്ചു. പാലം കം ചെക്ക് ഡാമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നൂറാടിതോട്ടിൽ വെള്ളം ആവശ്യത്തിന് ശേഖരിക്കാൻ കഴിയും. വെട്ടിക്കടവ് മുതൽ പെങ്ങാമുക്ക് വരെയുള്ള കോൾപടവുകളിൽ കൃഷിയിറക്കാനായി വെള്ളം നൂറാടിതോട്ടിലൂടെ പൊന്നാനി ബീയ്യംകെട്ടിലേക്ക് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. കരിച്ചാൽക്കടവിൽ ചെക്ക് ഡാം വരുന്നതോടെ കൃഷിക്ക് ആവശ്യത്തിനുള്ള വെള്ളം ഇവിടെ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.