ചാലക്കുടിയിലെ തെരുവു നായ ശല്യം: എൽഡിഎഫ് പ്രതിഷേധം; സംഘർഷം

Mail This Article
ചാലക്കുടി ∙ നഗരസഭാ പ്രദേശത്തെ തെരുവുനായ ശല്യത്തിനഎതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധം അതിരുവിട്ടു. പ്രതിഷേധ മാർച്ചായി എത്തിയ പ്രവർത്തകർ നഗരസഭാ ഓഫിസിന്റെ അടച്ചിട്ട ഗേറ്റ് ചവഇട്ടിത്തുറന്ന് ഇരച്ചുകയറി. 6 പൊലീസുകാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത് ഓഫിസിലേക്കു തള്ളിക്കയറിയ പ്രവർത്തകർ ചെടിച്ചട്ടികൾ അടിച്ചുടച്ചു. കസേരകൾ വലിച്ചെറിഞ്ഞു. നഗരസഭാധ്യക്ഷന്റെ ചേംബർ ഉപരോധിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് എസ്ഐ ഋഷിപ്രസാദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. നഗരസഭാധ്യക്ഷന്റെ ചേംബറിൽ കുത്തിയിരിപ്പു നടത്തിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം കൂടപ്പുഴ, ജനത റോഡ് ഭാഗങ്ങളിൽ തെരുവു നായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പേവിഷബാധ സ്ഥിരീകരിച്ചു. മുൻപും പലവട്ടം തെരുവു നായ്ക്കൾ ജനത്തെ ആക്രമിച്ചിരുന്നു. തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും ഭരണപക്ഷം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണു നഗരസഭയിലേക്കു മാർച്ച് നടത്തിയത്. നഗരസഭആ ഓഫിസിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ സെക്രട്ടറി കെ.പ്രമോദ് പൊലീസിൽ പരാതി നൽകി. പ്രതിഷേധത്തിനിടയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫ് പ്രവർത്തകരായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.

പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, നഗരസഭാ കൗൺസിലർ വി.ജെ.ജോജി, സിപിഎം ഏരിയ കമ്മിറ്റി അംഗം ജിൽ ആന്റണി, പി.എസ്.സന്തോഷ്, സിപിഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, എം.ഡി.പ്രവീൺ, മുൻ നഗരസഭാ കൗൺസിലർമാരായ ജോസ് പൈനാടത്ത്, ബീന ഡേവിസ്, കണ്ടാലറിയാവുന്ന 7 പേർ എന്നിവർക്കെതിരെയാണു കേസ് എടുത്തതെന്നു പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ മറവിൽ നഗരസഭ ഓഫിസിൽ കയറി അതിക്രമം കാണിക്കുന്നതു ശരിയായ നടപടിയല്ലെന്നു നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ പറഞ്ഞു.
ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം കൂടപ്പുഴ മേഖലയിൽ 12 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്തനായയെ രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതോടെ നായയുടെ ആക്രമണത്തിന് ഇരയായവർ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങൾ കർശനമായി നടത്തണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. 10 തെരുവുനായകളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.
രണ്ടാഴ്ച മുൻപു മാർക്കറ്റിൽ നായ ആളുകളെ കടിച്ചതിനെ തുടർന്ന് അടിയന്തരമായി 40 തെരുവു നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയും നായയുടെ ആക്രമണമുണ്ടായതോടെ ഈ പ്രദേശത്ത് നിരീക്ഷണം തുടരുന്നുണ്ടെന്ന് നഗരസഭാധികൃതർ അറിയിച്ചു. പ്രശ്നത്തെ കുറിച്ചു ചർച്ച നടത്താൻ നാളെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു യോഗം നടത്തി തുടർ നടപടികൾ ആലോചിക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു.