മുട്ടിപ്പാലം പദ്ധതി: തോട് നവീകരണം അവസാനഘട്ടത്തിൽ

Mail This Article
പെരുമ്പിലാവ് ∙ ഒറ്റപ്പിലാവ് മുട്ടിപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന തോട് നവീകരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആശങ്കയുമായി കർഷകർ. ജലസംഭരണശേഷി വീണ്ടെടുക്കുന്ന വിധത്തിൽ തോടിന്റെ ആഴം കൂട്ടാതെയാണു ജോലികൾ പുരോഗമിക്കുന്നതെന്നു കർഷകർ പറയുന്നു. 400 ഏക്കർ നെൽക്കൃഷിക്കു പുതുപ്രതീക്ഷ നൽകുന്ന പദ്ധതി കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. 2 കോടി രൂപ ചെലവിട്ടു തണത്തറ മുതൽ മുട്ടിപ്പാലം വരെയുള്ള 1.15 കിലോ മീറ്റർ തോട് ആഴവും വീതിയും കൂട്ടി നവീകരിക്കുകയും ഒറ്റപ്പിലാവ് മുട്ടിപ്പാലം പൊളിച്ചു റഗുലേറ്റർ കം ബ്രിജ് ആയി പുനർനിർമിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുൻപാണു തോട്ടിൽ യന്ത്രങ്ങൾ ഇറക്കിയത്.
തോടിന്റെ ഉപരിതലത്തിലുള്ള മണ്ണ് നീക്കം ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളതെന്നാണു കർഷകരുടെ ആരോപണം. വർഷങ്ങളായി തോട്ടിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും എടുത്തുമാറ്റി ആഴം കൂട്ടിയാൽ മാത്രമേ തോട്ടിൽ കൂടുതൽ ജലം സംഭരിക്കാൻ സാധിക്കൂ എന്നു അവർ പറഞ്ഞു. കർഷകർ തങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ ആഴം പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തുമെന്നു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കടവല്ലൂർ പഞ്ചായത്ത് അംഗം ഫസലു റഹ്മാൻ പറഞ്ഞു.