മൃതദേഹത്തോട് അനാദരമെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Mail This Article
ചാവക്കാട്∙ മൃതദേഹത്തോട് അനാദരം കാണിച്ചെന്ന് ആരോപിച്ചു നഗരസഭാ അധ്യക്ഷയ്ക്കെതിരെ കേസെടുക്കണമെന്നും പൊതുസമൂഹത്തോടും മരിച്ച നിസാമിന്റെ കുടുംബത്തോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച നിസാമിന്റെ മൃതദേഹത്തോട് അനാദരം കാണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഓഫിസിനടുത്ത് പൊലീസ് തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമായി.
ഏപ്രിൽ 30ന് പരുക്കേറ്റ ഓട്ടോ ഡ്രൈവർ പോക്കാക്കില്ലത്ത് വീട്ടിൽ നിസാമുദ്ദീൻ(നിസാം–40) ഇൗ മാസം 15ന് ആണ് മരിച്ചത്. വെള്ളിയാഴ്ച മൃതദേഹവുമായി കളമശേരി ഗവ.മെഡിക്കൽ കോളജിൽ പോയെങ്കിലും പോസ്റ്റ്മോർട്ടം നടന്നില്ല. അന്ന് വൈകിട്ട് 4ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടന്നത്. ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് പോയി പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയത് 44 മണിക്കൂറിനുശേഷം. സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.
കെപിസിസി മുൻ അംഗം സി.എ.ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫദിൻരാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.വി.സത്താർ, അരവിന്ദൻ പല്ലത്ത്, നിഖിൽ ജി.കൃഷ്ണൻ, സി.എസ്.സൂരജ്, പി.വി.ബദറുദ്ദീൻ, ബീന രവിശങ്കർ, വി.എസ്.നവനീത്, ഷിഹാബ് മണത്തല എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നടപടി അപഹാസ്യം:
അധ്യക്ഷ
ചാവക്കാട്∙ മൃതദേഹത്തോട് അനാദരം എന്ന പേരിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപഹാസ്യമെന്ന് ചെയർപഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ തദ്ദേശഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് വരുന്നതല്ല. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടാകുന്ന നടപടികളാണ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിസമ്മതം പ്രകടിപ്പിക്കുകയും മൃതദേഹം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയും ചെയ്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണു ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ഡോക്ടറെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഉദ്ദേശ്യം ചോദ്യം ചെയ്യേണ്ടതാണെന്നും ചെയർപഴ്സൻ പറഞ്ഞു.
ഡോക്ടറോട്
പ്രതികാരം
തീർക്കുന്നു:
കോൺഗ്രസ്
ചാവക്കാട്∙ മൃതദേഹം വച്ചല്ല ഡോക്ടറോടുള്ള പ്രതികാര നടപടി തീർക്കേണ്ടത് എന്ന് കോൺഗ്രസ് നേതാക്കളായ സി.എ.ഗോപ പ്രതാപൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കൗൺസിലർ കെ.വി.സത്താർ എന്നിവർ പറഞ്ഞു. ഡോക്ടറോട് ചെയർപഴ്സന് നേരത്തെ വൈരാഗ്യമുണ്ട്. പോസ്റ്റ്മോർട്ടം നടത്താമെന്ന് പറഞ്ഞ് മൃതദേഹം കളമശേരിയിൽ നിന്ന് ചാവക്കാട് എത്തിച്ചത് ചെയർപഴ്സനാണ്. സ്വന്തം വീഴ്ച മറച്ചുവയ്ക്കാനാണ് ഡോക്ടറെ പഴിചാരുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ചാവക്കാട്∙ താലൂക്ക് ആശുപത്രി അധികൃതരുടെയും മുനിസിപ്പൽ ഭരണസമിതിയുടെയും ജനവിരുദ്ധ പ്രവണതയ്ക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു.