ഭാര്യ മരിച്ചതു പനിയും ശ്വാസംമുട്ടലും കൊണ്ടെന്ന് വിശ്വസിപ്പിച്ചു; മുഖത്തേയും കഴുത്തിലെയും പാടുകൾ ഭർത്താവിനെ കുടുക്കി

Mail This Article
വരന്തരപ്പിള്ളി ∙ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോൻ (45) ആണു പിടിയിലായത്. ഭാര്യ ദിവ്യ (36) മരിച്ചതു പനിയും അലർജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.
എന്നാൽ, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകൾ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി.കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോൻ കഥകൾ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തിയെന്നാണു വിവരം. കസ്റ്റഡിയിലെടുത്ത ഭർത്താവിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി പി.സി. ബിജുകുമാർ പ്രതികരിച്ചു.
ഇതിനിടെ, മരിച്ച ദിവ്യയുടെ സഹോദരന്‍ വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി പാറയ്ക്ക ദിപീഷിന് (33) ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റു. ദിവ്യ താമസിക്കുന്ന വീടിനു 150 മീറ്റര്‍ സമീപം ദിപീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.