കാൽനടക്കാരോട് കോർപറേഷന് എന്താണിത്ര വിരോധം..?

Mail This Article
തൃശൂർ ∙ കാൽനടയാത്രികരെ നിരത്തിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതിയാണോ 10 കോടി രൂപ ചെലവിൽ കോർപറേഷൻ പുനർനിർമിച്ച കോൺക്രീറ്റ് റോഡ് എന്നു സംശയിച്ചാൽ ന്യായമായും കുറ്റം പറയാനാകില്ല. കൂർക്കഞ്ചേരി – കുറുപ്പം റോഡ് സ്വരാജ് റൗണ്ട് വരെയുള്ള റോഡിന്റെ അവസ്ഥ കണ്ടാൽ അങ്ങനെയേ തോന്നൂ. കാൽനട യാത്രികരുടെ ജീവൻ സംരക്ഷിക്കുന്നതിനു സഞ്ചാരയോഗ്യമായ നടപ്പാതകളും വഴിയോരങ്ങളും നിർബന്ധമാക്കണമെന്നും ഇതിനായി മാർഗനിർദേശം രൂപീകരിക്കാനും സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയ അതേ സമയത്തുതന്നെയാണ് ജീവനു വിലകൽപിക്കാത്ത ഈ അനാസ്ഥ. കാൽനടയാത്രികരുടെ സംരക്ഷണത്തിനായി നടപ്പാത ഒരുക്കണമെന്ന് വർഷങ്ങൾക്കു മുൻപേ ഹൈക്കോടതി നൽകിയ ഉത്തരവും തദ്ദേശ സ്ഥാപനങ്ങൾ ഗൗനിച്ച മട്ടില്ല. നടപ്പാതകൾ ഇല്ലാത്തതു മൂലം റോഡ് അപകടങ്ങളിൽ മരിക്കുന്നവരുെട എണ്ണം വർധിക്കുന്നതു സംബന്ധിച്ച പൊതുതാൽപര്യ ഹർജികളിലായിരുന്നു രണ്ട് ഉത്തരവുകളും.
വിവിധ ഘട്ടങ്ങളിലായി കോൺക്രീറ്റിങ് പൂർത്തീകരിച്ച് തുറന്നുകൊടുത്ത കൂർക്കഞ്ചേരി–കുറുപ്പം റോഡ് ഇപ്പോഴും അപകടക്കെണിയാണ്. മെട്രോ ആശുപത്രിക്കു സമീപം കുറച്ചു ദൂരത്തിൽ മാത്രമാണ് കാനയും നടപ്പാതയും പൂർത്തീകരിച്ചത്. റോഡിൽനിന്ന് ഇരു വശങ്ങളിലേക്കും ഒരേ നിരപ്പല്ല. പലയിടത്തും കരിങ്കല്ലും കോൺക്രീറ്റ് കട്ടകളും കൂട്ടിയിട്ടിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും പടി വരെയും ഇതാണ് സ്ഥിതി. റോഡ് നിരപ്പ് ഉയർന്നതിനാൽ ചെറിയ മഴ പെയ്താൽ ഇവിടേക്ക് വെള്ളം കുത്തിയൊഴുകും. തൃശൂർ–കൊടുങ്ങല്ലൂർ ദീർഘദൂര ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങളാണ് ഈ നിരത്തിലൂടെ ചീറിപ്പായുന്നത്. കാൽനടയാത്രികർക്ക് റോഡിൽനിന്ന് ഇറങ്ങിനടക്കാൻ സ്ഥലമില്ല. ഇരുചക്ര വാഹനയാത്രികരുടെയും സ്ഥിതി വ്യത്യസ്തമല്ല. വാഹനമൊന്ന് ഒതുക്കി നിർത്താൻ പോലും സ്ഥലമില്ല. ചെട്ടിയങ്ങാടി ജംക്‌ഷൻ മുതൽ കുറുപ്പം റോഡ് അവസാനിക്കുന്നിടം വരെയും റോഡ് നിരപ്പാക്കിയിട്ടില്ല. ഇവിടത്തെ വ്യാപാരികൾ ദുരിതത്തിലാണ്.

നടപ്പാതയില്ല,പകരം ശുചിമുറി..!
നടപ്പാത കെട്ടാൻ ഒരുങ്ങാത്ത കോർപറേഷൻ നേതൃത്വത്തിന് പാതയ്ക്കുള്ള സ്ഥലത്ത് ശുചിമുറി കെട്ടിടം പണിയാൻ ഒട്ടും സങ്കോചമില്ല. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ പടിഞ്ഞാറേക്കോട്ട – പൂങ്കുന്നം റോഡിൽ വീടുകളോടു ചേർന്നാണ് കോർപറേഷന്റെ ശുചിമുറി നിർമാണം. ബിന്ദു തിയറ്ററിന് എതിർവശത്ത് സി.അച്യുത മേനോൻ സ്മാരക പാർക്കിനോടു ചേർന്ന് ‘ടേക്–എ–ബ്രേക്’ പദ്ധതിയുടെ ഭാഗമായാണ് 30 ലക്ഷത്തോളം രൂപ വകയിരുത്തി ശുചിമുറി നിർമിക്കുന്നത്. ഇവിടെനിന്ന് 100 മീറ്റർ മാത്രം മാറി കോർപറേഷന്റെ ശുചിമുറി ഉള്ളപ്പോഴാണ് ജനവാസ മേഖലയിൽ നടപ്പാതയ്ക്കുള്ള സ്ഥലം കയ്യേറി നിർമാണം നടത്തുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. പണമില്ലാതെ ഇടയ്ക്കു നിർത്തിവച്ച നിർമാണം, പ്രതിഷേധം ശക്തിപ്പെട്ടതോടെ വേഗത്തിലാക്കുകയാണ് അധികൃതർ ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.പ്രവൃത്തി നിർത്തിവയ്ക്കണമെന്നും സ്ഥലം നടപ്പാതയായി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്ന് കലക്ടർ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കാൻ കോർപറേഷൻ സെക്രട്ടറിക്കു നിർദേശം നൽകിയെങ്കിലും നിർമാണവുമായി മുന്നോട്ടുപോകുകയാണ് കോർപറേഷൻ ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു.